ഫുട്ബോൾ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലയണൽ മെസി. ഫുട്ബോൾ മൈതാനത്ത് ഇടങ്കാലുകൾക്കൊണ്ട് മെസി തീർത്ത മാജിക്കുകൾ ആരാധക ഹൃദയങ്ങളിൽ കോറിയിട്ടവയാണ്. മെസിയെ ഒന്ന് നേരിൽ കാണാൻ കൊതിക്കാത്ത ആരാധകർ ഉണ്ടാവില്ല. തന്നോട് സ്നേഹം കാണിക്കുന്ന ആരാധകരെ തിരിച്ചും സ്നേഹിക്കുന്ന താരമാണ് ലയണൽ മെസി. ആരാധകരോടുള്ള മെസിയുടെ മാന്യമായ പെരുമാറ്റത്തിന്റെ തെളിവ് ഇന്നലെ രാത്രി കാണാൻ ഇടയായി.

ചാമ്പ്യൻസ് ലീഗിൽ ബാഴ്സിലോണ, സ്പോർട്ടിങ്ങ് ലിസ്ബൺ മത്സരത്തിനിടെയാണ് മെസിയുടെ മഹത്വം വെളിവാക്കുന്ന നിമിഷം അരങ്ങേറിയത്. മത്സരത്തിനിടെ മെസിയെ കാണാനായി എത്തിയ ആരാധകനെ കെട്ടിപ്പിടിച്ചായിരുന്നു മെസിയുടെ സ്നേഹ പ്രകടനം.

മെസി ആരാധകനോട് കുശലം പറയുകയും. ചെയ്തു. സെക്യൂരിറ്റി ജീവനക്കാർ ആരാധകനെ മാറ്റാൻ എത്തിയപ്പോൾ മെസി അവരെ പിന്തിരിപ്പിച്ചു.

മൈതാനം വിടും മുൻപ് ആരാധകൻ മെസിയെ ഞെട്ടിച്ചു. മെസിയുടെ ഇടങ്കാലിൽ മുത്തമിട്ട് അയാൾ മെസിയെ അമ്പരപ്പിച്ചു. അദ്ദേഹത്തിന്റെ പെരുമാറ്റം മെസിയേയും അമ്പരപ്പിച്ചു.

നിഷ്കളങ്കമായ ഒരു ചിരി സമ്മാനിച്ച് മെസി അയാളെ യാത്രയാക്കി. മെസിയെ അടുത്ത് കാണാൻ സാധിച്ച ആരാധകന് വലിയ കയ്യടിയാണ് സ്റ്റേഡിയത്തിലുളളവർ നൽകിയത്.

ഇന്നലെ നടന്ന മത്സരത്തിൽ പോർച്ചുഗീസ് ക്ലബായ സ്പോർട്ടിങ്ങ് ലിസ്ബണെ ബാഴ്സിലോണ തോൽപ്പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബാഴ്സയുടെ വിജയം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ