ബാഴ്സലോണ: ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ട ശേഷം റയൽ മാഡ്രിഡിന് ഏറ്റവും കനത്ത തോൽവി സമ്മാനിച്ച് ബാഴ്‌സലോണ. ഞായറാഴ്ച നടന്ന എൽ ക്ലാസികോ പോരാട്ടത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്സയുടെ വിജയം. സുവാരസ് ഹാട്രിക് നേടി.

പരുക്കേറ്റ് വിശ്രമത്തിലായ ലയണൽ മെസ്സിയെ സാക്ഷിയാക്കിയാണ് ബാഴ‌്സ തകർപ്പൻ വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ 2-0 എന്ന നിലയിലായിരുന്നു കളി. രണ്ടാം പകുതിയിൽ ഇത് 5-1 എന്നായി മാറി. തുടക്കം മുതൽ ആക്രമിച്ച ബാഴ്‌സയുടെ മുന്നേറ്റത്തിൽ റയലിന്റെ പ്രതിരോധക്കോട്ട ചീട്ടുകൊട്ടാരം പോലെ തകർന്നുവീണ കാഴ്ചയ്ക്കാണ് ഇന്നലെ ഫുട്ബോൾ ലോകം സാക്ഷിയായത്.

കുട്ടിഞ്ഞോയിലൂടെ 11-ാം മിനിറ്റിലാണ് ബാഴ്സ ഗോൾ വേട്ട തുടങ്ങിയത്. ഇടത് വിങ്ങിലൂടെ ജോർഡി ആൽബ നടത്തിയ മുന്നേറ്റമാണ് ഗോളിലെത്തിയത്. ഗോൾ ലൈനിന് അടുത്ത് വരെയെത്തി ആൽബ പെട്ടെന്ന് തന്നെ പന്ത് ബോക്സിന്റെ മധ്യത്തിലുണ്ടായിരുന്ന കുട്ടിഞ്ഞോയ്ക്ക് കൈമാറി.

ആൽബയെ ചുറ്റിനിന്ന റയൽ പ്രതിരോധ നിര കുട്ടീഞ്ഞോയെ മാർക് ചെയ്യുന്നതിൽ പിഴച്ചു. ഇതോടെ ഗോളും വഴങ്ങി. ബോക്സിൽ സുവാരസിനെ ഫൗൾ ചെയ്തതിന് വഴങ്ങിയ പെനാൽറ്റിയാണ് റയലിന് രണ്ടാമത്തെ അടി നൽകിയത്. റാമോസിനും സംഘത്തിനും കൂടുതൽ ക്ഷീണം നൽകി രണ്ടാമത്തെ ഗോളും പിറന്നു. 30-ാം മിനിറ്റിലായിരുന്നു ഈ ഗോൾ.

പിന്നീട് 75, 83 മിനിറ്റുകളിൽ വീണ്ടും സുവാരസ് ലക്ഷ്യം കണ്ടു. വിദാൽ 87-ാം മിനിറ്റിൽ അഞ്ചാം ഗോളും പൂർത്തിയാക്കി. ബ്രസീൽ താരം മാർസെലോയാണു റയലിന്റെ ഏകഗോൾ (50) നേടിയത്. ബാഴ്സയാണ് ഇപ്പോൾ പോയിന്റ് പട്ടികയിൽ മുന്നിൽ. 21 പോയിന്റാണ് ബാഴ്സയ്ക്കുളളത്. രണ്ടാമതുളള അത്‌ലറ്റികോ മാഡ്രിഡിന് 18 പോയിന്റുണ്ട്. ഒൻപത് കളിയിൽ 14 പോയിന്റുമായി ഒൻപതാം സ്ഥാനത്താണു റയൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook