സ്‌പാനിഷ് ലീഗിൽ വമ്പന്മാരായ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റയൽ ബെറ്റിസിനെയാണ് ബാഴ്സലോണ മുട്ടുകുത്തിച്ചത്. ഹാട്രിക് ഗോളുമായി സൂപ്പർ താരം മെസിയുടെ മികവിലായിരുന്നു ബാഴ്സലോണയുടെ വിജയം. പോയിന്റ് പട്ടികയിലും ബാഴ്സലോണയുടെ കുതിപ്പ് തുടരുകയാണ്.
റയൽ ബെറ്റിസിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ആദ്യം ഗോൾ വല ചലിപ്പിച്ചത് മെസിയായിരുന്നു. കളിയുടെ 18-ാം മിനിറ്റിൽ മെസിയിലൂടെ ഗോൾ കണ്ടെത്തിയ ബാഴ്സലോണ ലീഡെടുത്തു. ഒന്നാം പകുതിയുടെ അധിക സമയത്ത് 45+2 മെസി ലീഡ് രണ്ടായി ഉയർത്തി. ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളിന്റെ ലീഡെടുത്തതോടെ ബാഴ്സലോണ മത്സരത്തിന്റെ ആധിപത്യം ഏറ്റെടുത്തു.
രണ്ടാം പകുതിയിൽ സുവാരസായിരുന്നു ബാഴ്സലോണയ്ക്കായി ഗോൾ കണ്ടെത്തിയത്. 63-ാം മിനിറ്റിലായിരുന്നു സുവാരസിന്റെ ഗോൾ. 82-ാം മിനിറ്റിൽ ലോറൻ മോറൻ റയൽ ബെറ്റിസിന് വേണ്ടി ഗോൾ നേടി. രണ്ട് മിനിറ്റുകളെ നീണ്ടുള്ളൂ ബെറ്റിസിന്റെ ആഘോഷം. 85-ാം മിനിറ്റിൽ മെസിയുടെ കാൽ മൂന്നാം ഗോളും കണ്ടെത്തിയതോടെ ബാഴ്സ വിജയം ആധികാരികമാക്കി.
പോയിന്റ് പട്ടികയിലും ബഹുദൂരം മുന്നിലാണ് ബാഴ്സലോണ. 28 മത്സരങ്ങളിൽ 20ലും ജയിച്ച ബാഴ്സലോണയുടെ അക്കൗണ്ടിൽ 66 പോയിന്റുകളാണുള്ളത്. ഈ സീസണിൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് ബാഴ്സലോണ പരാജയപ്പെട്ടത്. ആറ് മത്സരങ്ങൾ സമനിലയിൽ അവസാനിക്കുകയും ചെയ്തു. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് 56 പോയിന്റുകളാണുള്ളത്.