scorecardresearch
Latest News

‘ഫന്റാസ്റ്റിക് ഫാറ്റി’; വിയ റയലിനെ 4-0ന് തകർത്ത് ബാഴ്സലോണ

രണ്ടു ഗോളുകളുമായി ബാഴ്സ നിരയിലെ ഏറ്റവും അക്രമണകാരിയായി മാറിയ ഫാറ്റിയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി നായകൻ മെസി ലക്ഷ്യത്തിലെത്തിച്ചതോടെ മൂന്നാം ഗോളും പിറന്നു

‘ഫന്റാസ്റ്റിക് ഫാറ്റി’; വിയ റയലിനെ 4-0ന് തകർത്ത് ബാഴ്സലോണ

ലാ ലീഗയിൽ വിയ റയലിനെ തകർത്ത് ബാഴ്സലോണ. സൂപ്പർ താരങ്ങളായ റാക്കിട്ടിച്ചും സുവാരസും ടീം വിട്ടതിന് ശേഷം ആദ്യം നടന്ന മത്സരത്തിൽ തന്നെ തകർപ്പൻ ജയം സ്വന്തമാക്കിയിരിക്കുകയാണ് മെസിപ്പട. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ബാഴ്സയുടെ വിജയം. യുവതാരം അൻസു ഫാറ്റിയാണ് ബാഴ്സ ജയം അനായാസമാക്കിയത്.

4-2-3-1 ശൈലിയിൽ കളത്തിലിറങ്ങിയ ബാഴ്സയുടെ പുതിയ പരിശീലകൻ കേമന്റെ തന്ത്രങ്ങൾ വിജയം കണ്ട മത്സരം കൂടിയായിരുന്നു ഇന്നത്തേത്. അറ്റാക്കിങ് മിഡ്ഫീൽഡറുടെ റോളിലെത്തിയ അൻസു ഫാറ്റി മത്സരത്തിന്റെ 15-ാം മിനിറ്റിൽ തന്നെ ബാഴ്സയ്ക്ക് ലീഡൊരുക്കി. നാല് മിനിറ്റിനകം അത് ഉയർത്താനും താരത്തിന് സാധിച്ചു.

രണ്ടു ഗോളുകളുമായി ബാഴ്സ നിരയിലെ ഏറ്റവും അക്രമണകാരിയായി മാറിയ ഫാറ്റിയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി നായകൻ മെസി ലക്ഷ്യത്തിലെത്തിച്ചതോടെ മൂന്നാം ഗോളും പിറന്നു. മരിയോ ഗാസ്പറിന്റെ പിഴവിന്റെ പ്രായശ്ചിത്വം ഗോൾകീപ്പർ സെർജിയോ അസാൻഡെക്കും തടുക്കാനായില്ല.

ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുമ്പ് ടോറസിന്റെ ഓൺഗോൾ ബാഴ്സ പട്ടികയിലെ നാലാം ഗോളും എഴുതി ചേർത്തു. എന്നാൽ രണ്ടാം പകുതി ഗോൾ രഹിതമായിരുന്നു. തിരിച്ചടിക്കാനുള്ള വിയ റയലിന്റെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല.

സൂപ്പർ താരങ്ങളുടെ അഭാവത്തിൽ ഒരുപിടി യുവതാരങ്ങളാണ് ബാഴ്സ നിരയിലെത്തിയത്. 17കാരൻ പെട്രി, വിങ്ങർ ഫ്രാൻസിസ്കോ ട്രിൻകോവ്, യുവന്റസിൽ നിന്ന് ബാഴ്സയിലെത്തിയ മിരലേം എന്നിവർ ബാഴ്സ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ചു. പുതിയ ഫോർമേഷനും ആരാധകരുടെ പ്രതീക്ഷ കാക്കുന്നതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Barcelona villa real la liga match result goal scorer ansu fati messi

Best of Express