പാരീസ്: ബാഴ്സലോണ ഫുട്ബോൾ ക്ലബ്ബിന്റെ ആരാധകരേയും കളിക്കാരെയും നിരാശയിലാഴ്ത്തിയാണ് നെയ്മർ ജൂനിയർ ബാഴ്സലോണ നഗരം വിട്ടത്. പക്ഷേ പിഎസ്ജിയുടെ ഹോം ഗ്രൗണ്ടില്‍ അരങ്ങേറിയ നെയ്മര്‍ ബാഴ്‌സലോണ ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്കായി വിതുമ്പിയത് ഫുട്‌ബോള്‍ ആരാധകരെയും കണ്ണീരണിയിക്കുന്ന നിമിഷമായി മാറി. പിഎസ്ജിയും തുലൂസും ഏറ്റുമുട്ടുന്ന മത്സരത്തിന് മുന്നോടിയായിട്ടാണ് ഒരു മിനിറ്റ് ബാഴ്‌സലോണയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി മൈതാനം ഒട്ടാകെ മൗനപ്രാര്‍ത്ഥന നടത്തിയത്.
കണ്ണുകള്‍ കൈകള്‍കൊണ്ട് മറച്ച് പിടിച്ചാണ് നെയ്മര്‍ തന്റെ പഴയ ക്ലബിന്റെ ആസ്ഥാനത്ത് നേരിട്ട ദുരന്തത്തെ ഓര്‍ത്ത് വിതുമ്പിയത്. ഇതിന്റെ ചിത്രം നവമാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരികുന്നുണ്ട്. നേരത്തെ ബാഴ്‌സലോണയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലും നെയ്മര്‍ രംഗത്ത് വന്നിരുന്നു.
മത്സരത്തിൽ ഇരട്ട ഗോള്‍ അടക്കം പിസ്ജിയ്ക്ക് 6-2ന്റെ കൂറ്റന്‍ജയമാണ് നെയ്മര്‍ പിഎസ്ജിക്ക് ഒരുക്കിയത്. 222 മില്യണ്‍ യൂറോയെന്ന റെക്കോര്‍ഡ് തുകയ്ക്കാണ് നെയ്മര്‍ ബാഴ്‌സലോണയില്‍ നിന്ന് പിഎസ്ജിയിലേക്ക് കൂറുമാറിയത്.
ലീലിഗയില്‍ ആദ്യ മത്സരത്തിനിറങ്ങിയ ബാഴ്‌സലോണയും സ്വന്തം നാട്ടില്‍ നടന്ന ദുരന്തത്തെ അനുസ്മരിച്ചാണ് മത്സരത്തിനിറങ്ങിയത്. ബാഴ്‌സലോണയിലെ തീവ്രവാദി ആക്രമണത്തില്‍ മരിച്ചവര്‍ക്ക് ആദരസൂചകമായി ബാഴ്‌സയുടെ ജഴ്‌സിയില്‍ കളിക്കാരുടെ പേരിനു പകരം ബാഴ്‌സലോണ എന്നു മാത്രം എഴുതിയിട്ടാണ് ബാഴ്‌സ കളിക്കാനിറങ്ങിയത്.