സൂപ്പര്‍ താരം നെയ്മര്‍ ക്ലബ് വിട്ടതിന് പിന്നാലെ പുത്തൻ താരത്തെ ടീമിൽ എത്തിച്ച് ബാഴ്സിലോണ. ബ്രസീലിയന്‍ ദേശീയ താരവും മിഡ്ഫീല്‍ഫീല്‍ഡറായ പൗളീഞ്ഞ്യോയുമായാണ് ബാഴ്‌സലോണ കരാര്‍ ഒപ്പിട്ടിരിക്കുന്നത. 40 മില്യണ്‍ യൂറോയ്ക്കാണ് ബാഴ്‌സലോണയിലേക്ക് പൗളീഞ്ഞ്യോ എത്തുന്നത്. മധ്യനിരയിൽ കളി ഏകോപിപ്പിക്കുന്ന താരമാണ് പൗളീഞ്ഞോ. പ്രായമേറുന്ന ആന്ദ്രേസ് ഇനിയേസ്റ്റയുടെ പകരക്കാരനായാണ് പൗളീഞ്ഞോയെ വിലയിരുത്തുന്നത്.

ചൈനീസ് ക്ലബ് ഗുവാന്‍ഗ്‌സോ എവര്‍ഗ്രാണ്ടേയില്‍ നിന്നാണ് 29കാരനായ പൗളിഞ്ഞ്യോ ബാഴ്സയില്‍ എത്തുന്നത്. ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ തുടക്കം മുതല്‍ പൗളിഞ്ഞ്യോയെ സ്വന്തമാക്കാന്‍ ശ്രമിച്ച ബാഴ്സ ഒടുവില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു.

ഇംഗ്ലീഷ് പ്രിമിയർ ലീഗ് ക്ലബായ ടോട്ടൻഹാമിന് വേണ്ടി കളിച്ചിട്ടുള്ള ഈ ബ്രസീലയൻ താരം ശ്രദ്ധേയമായ പ്രകടനം ഒന്നുംതന്നെ പുറത്ത് എടുത്തില്ല. പിന്നാലെയാണ് പൗളീഞ്ഞോ ചൈനീസ് സൂപ്പർ ലീഗിലേക്ക് ചേക്കേറിയത്. ചൈനീസ് ലീഗിലെ തകര്‍പ്പന്‍ പ്രകടനമാണ് താരത്തെ പ്രമുഖ ക്ലബുകളുടെ നോട്ടപ്പുള്ളിയാക്കിയത്. 63 മത്സരങ്ങളില്‍ നിന്ന് 17 ഗോളുകള്‍ താരം നേടിയിരുന്നു.

നെയ്മറിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബാഴ്സിലോണ. ഫിലിപ്പ് കുട്ടീഞ്ഞോയുമായി കരാറിൽ എത്തിയതായാണ് സൂചന. അടുത്ത ദിവസം തന്നെ കുട്ടീഞ്ഞോയുമായി കരാറിൽ എത്തുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബോറൂസിയ ഡോർട്ട്മുണ്ട് താരമായ ഉസ്മാൻ ഡെംബേലയെ സ്വന്തമാക്കാനും ബാഴ്സിലോണ ശ്രമിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ