സ്പാനിഷ് വമ്പൻമാരായ ബാഴ്സിലോണ ഇന്ത്യയിലേക്ക് എത്തുന്നു. ബാഴ്സിലോണയുടെ ലെജൻഡ്സ് ടീമാണ് പ്രദർശന മത്സരത്തിനായി ഇന്ത്യയിൽ എത്തുന്നത്. ഫുട്ബോളിലെ മഹാരഥൻമാരായ റൊണാൾഡീഞ്ഞോ, റിവോൾഡോ, പാട്രിക് ക്ലൈവർട്ട് എന്നിവർ ബാഴ്സിലോണ ലെജൻഡ്സ് ടീമിനായി ബൂട്ട് കെട്ടും.
2018 ജനുവരിയിലാണ് ബാഴ്സിലോണ ഇതിഹാസങ്ങൾ ഇന്ത്യയിൽ എത്തുക. ബാഴ്സയുടെ എതിരാളികൾ ആരാണെന്ന് തീരുമാനിച്ചിട്ടില്ല. ഫുട്ബോൾ നെക്സ്റ്റ് ഫൗണ്ടേഷനാണ് ബാഴ്സിലോണ ഇതിഹാസങ്ങളെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്.
ബാഴ്സിലോണ കുപ്പായത്തിൽ വർഷങ്ങളോളം കളിച്ച താരങ്ങളാണ് ലെജൻഡ്സ് ടീമിലെ അംഗങ്ങൾ. വിരമിച്ച പല താരങ്ങളും ലെജൻഡ്സ് ടീമിലെ അംഗങ്ങളാണ്. റൊണാൾഡീഞ്ഞോയെക്കൂടാതെ എറിക് അബിദാൽ, ബ്രസീലിയൻ താരം എഡ്മിൽസൺ തുടങ്ങിയ പ്രമുഖരെല്ലാം ബാഴ്സ നിരയിൽ ഉണ്ടാകും.