ദുബൈ: സൗദി അറേബ്യ, യുഎഇ അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചതിന് പിന്നാലെ ഖത്തറിനെ പിന്തുണയ്ക്കുന്നവരെയും കര്‍ശനമായി നേരിടുകയാണ് യുഎഇ അടക്കമുള്ള രാജ്യങ്ങൾ. സോഷ്യല്‍ മീഡിയ വഴി ഖത്തര്‍ അനുകൂല പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. ഖത്തര്‍ എയര്‍വേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്തിരുന്ന ബാഴ്‌സലോണ ടീമിന്റെ ജഴ്‌സിയണിഞ്ഞാലും സമാന നടപടി ഉണ്ടായേക്കുമെന്നാണ് വിദേശ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്.

2013 മുതല്‍ ഖത്തര്‍ എയര്‍വേയ്‌സും 2011 മുതല്‍ ഖത്തര്‍ ഫൗണ്ടേഷുനുമായിരുന്നു ബാഴ്സലോണ ടീമിന്റെ പ്രധാന സ്‌പോണ്‍സര്‍മാര്‍. അതിനാല്‍ ബാഴ്‌സലോണയുടെ ടീഷര്‍ട്ടുകള്‍ ധരിച്ച് അറബ് രാജ്യങ്ങളില്‍ ചെന്നാല്‍ പിടിവീഴുമെന്നും 15 വര്‍ഷം വരെ ഇത്തരത്തില്‍ തടവ് ശിക്ഷ ലഭിക്കാന്‍ ഇത് കാരണമാകുമെന്നും ആണ് റിപ്പോര്‍ട്ടുകള്‍. നിലവിൽ ജപ്പാനീസ് ഇലക്ടോണിക് കന്പനിയായ റക്കുട്ടൻ ആണ് ബാഴ്സലോണ ടീമിന്റെ സ്പോൺസർമാർ.

അല്‍-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് എന്നിയടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളെ ഖത്തര്‍ പിന്തുണക്കുന്നുവെന്നാണ് ഗള്‍ഫ് രാജ്യങ്ങള്‍ ആരോപിക്കുന്നത്. ഖത്തര്‍ വാര്‍ത്ത ഏജന്‍സികള്‍ നൽകിയ ചില വാർത്തകൾ പടലപ്പിണക്കത്തിന് പ്രധാന കാരണമായി. ഏജന്‍സി ഹാക്ക് ചെയ്യപ്പെട്ടതുകൊണ്ടാണ് തെറ്റായ വാര്‍ത്ത പ്രചരിച്ചത് എന്നായിരുന്നു ഖത്തര്‍ നല്‍കിയ ഔദ്യോഗിക വിശദീകരണം. കുവൈത്തിന്റെ മധ്യസ്ഥതയില്‍ ചില ചര്‍ച്ചകള്‍ നടന്നിരുവെങ്കിലും വിഫലമാവുകയായിരുന്നു. തുടര്‍ന്നാണ് ഈ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും വിച്ഛേദിക്കുകയാണെന്ന പ്രഖ്യാപനം നടത്തിയത്. യെമനില്‍ ഹൂദി വിമതര്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തില്‍ നടത്തുന്ന സൈനിക നടപടികളില്‍ നിന്ന് ഖത്തറിനെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ