മിയാമി: റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള വൈരം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് അതിന്. ഫുട്‌ബോളിനപ്പുറം സാമൂഹിക, രാഷ്ട്രീയ കാരണങ്ങളും ഈ ശത്രുതക്ക് പിന്നിലുണ്ട്. ഇതിനിടയിൽ ബദ്ധവൈരികളായ റയലിന്റെ ഡ്രസ്സിങ് റൂമിൽ ഒരു ബാഴ്സാ താരമെത്തി അഭിവാദ്യങ്ങളർപ്പിച്ചാൽ എങ്ങനെയുണ്ടാകും? ആ താരം ബാഴ്സയെ വേണ്ടെന്ന് വെച്ച് പിഎസ്ജിയിലേക്ക് കൂടുമാറാൻ ഒരുങ്ങുന്ന നെയ്മര്‍ ആണെങ്കിൽ പിന്നെ പറയണോ? അത് ആരാധകരുടെ നെഞ്ച് പൊട്ടിക്കുമെന്നുറപ്പാണ്.

എം.എസ്.എന്‍ സഖ്യത്തില്‍ നിന്ന് എന്‍ വിട്ടുപോകുമ്പോഴുള്ള സങ്കടത്തിലാണ് കറ്റാലന്‍ ആരാധകര്‍. റെക്കോര്‍ഡ് തുക മുന്നില്‍വെച്ച് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി നെയ്മറിനെ തട്ടകത്തിലേക്കെത്തിക്കാനുള്ള എല്ലാ കരുനീക്കങ്ങളും നടപ്പിലാക്കി കഴിഞ്ഞു. ഇതിനിടയിൽ മിയാമിയില്‍ നടന്ന പ്രീ സീസണ്‍ എല്‍ ക്ലാസികോയ്ക്ക് ശേഷം അതുതന്നെ സംഭവിച്ചു. റയലിനെ തോല്‍പ്പിച്ചതിന്റെ ആഹ്ളാദത്തിലായിരുന്ന ആരാധകരെ ഞെട്ടിച്ച് നെയ്മര്‍ മത്സരശേഷം റയലിന്റെ ഡ്രസ്സിങ് റൂമിലെത്തി. 15 മിനിറ്റ് അവിടെ ചെലവഴിക്കുകയും ചെയ്തു. ഇത് പക്ഷേ കാറ്റലന്‍ ആരാധകര്‍ക്ക് അംഗീകരിക്കാനാകുന്നതായിരുന്നില്ല. നെയ്മറിന ഇനി ബാഴ്‌സക്ക് വേണ്ട എന്നു വരെ പറഞ്ഞു കളഞ്ഞു ആരാധകര്‍.

അതേസമയം നെയ്മര്‍ റയല്‍ താരങ്ങളോട് യാത്ര പറയാനാണ് പോയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലാ ലിഗ സീസണ്‍ തുടങ്ങുന്നതിന് മുമ്പ് പി.എസ്.ജിയിലേക്ക് നെയ്മര്‍ മാറുമെന്ന വാര്‍ത്തക്ക് കരുത്തു പകരുന്നതാണ് നെയ്മറിന്റെ സന്ദര്‍ശനം. ലാ ലിഗയിലെ ഈ സീസണില്‍ താനുണ്ടാകില്ലെന്നും ഇനി ഫ്രഞ്ച് ലീഗില്‍ കാണാമെന്നും റയല്‍ താരങ്ങളോട് നെയ്മര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഒപ്പം ഓര്‍മയ്ക്കായി സെര്‍ജിയോ റാമോസിന്റെയും കാസ്മിറോയുടെയും ജഴ്‌സികളും നെയ്മര്‍ വാങ്ങി.

പരീശീലനത്തിനിടയിൽ സഹതാരവുമായി അടിപിടി കൂടിയിരിക്കുന്ന നെയ്‌മർ കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു. ടീമിലേക്ക് പുതുതായി എത്തിയ നെൽസൺ സെമേഡോയുമായാണ് നെയ്‌മർ അടിയുണ്ടാക്കിയത്.

യുഎസിൽ പ്രീ സീസൺ ചാംപ്യൻഷിപ് പരിശീലനത്തിലേർപ്പെട്ടിരിക്കുകയായിരുന്നു താരങ്ങൾ. ഇതിനിടയിൽ നെയ്മറെ പിന്നിൽനിന്നും നെൽസൺ തടയാൻ ശ്രമിച്ചു. ഇതാണ് നെയ്മറെ പ്രകോപിപ്പിച്ചത്. ഒടുവിൽ സഹതാരങ്ങൾ ചേർന്നാണ് നെയ്മറെ പിടിച്ചുമാറ്റിയത്. ദേഷ്യം മാറാതെ ഗ്രൗണ്ടിലുണ്ടായിരുന്ന ബോളും തട്ടി തെറിപ്പിച്ചാണ് അന്ന് നെയ്മർ കളം വിട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ