മ്യൂണിച്ച്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് കരുത്തരായ ബാഴ്സലോണ പുറത്ത്. ഗ്രൂപ്പ് മത്സരത്തില്‍ ജര്‍മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിച്ചിനോട് ഒരിക്കല്‍ കൂടി പരാജയപ്പെട്ടതോടെയാണ് പ്രീ ക്വാര്‍ട്ടര്‍ കാണാതെ ബാഴ്സയ്ക്ക് മടങ്ങേണ്ടി വന്നത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബയേണിന്റെ വിജയം. ഗ്രൂപ്പ് ഇയില്‍ നിന്ന് ബയേണിന് പുറമെ ബെന്‍ഫിക്ക യോഗ്യത നേടി.
അടുത്ത റൗണ്ടിലേക്ക് കടക്കാന്‍ ജയം അനിവാര്യമായിരുന്ന ബാഴ്സയ്ക്ക് ബയേണ്‍ എലിയന്‍സ് അറീനയില്‍ ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. 34-ാം മിനിറ്റില്‍ തോമസ് മുള്ളറാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. ലിയോറി സനെ (43′), ജമാല്‍ മുസിയാല (62′) എന്നിവരാണ് മറ്റ് സ്കോറര്‍മാര്‍. 21 വര്‍ഷത്തിനിടെ ആദ്യമായാണ് ബാഴ്സ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താകുന്നത്.
മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യങ് ബോയ്സിനോട് സമനില വഴങ്ങി. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഒന്‍പതാം മിനിറ്റില്‍ മാസന് ഗ്രീന്‍വുഡ് യുണൈറ്റഡിന് ലീഡ് നേടിക്കൊടുത്തു. ഫാബിയാന്‍ റെയ്ഡറിലൂടെയാണ് യങ് ബോയ്സ് സമനില പിടിച്ചത്. ഗ്രൂപ്പ് എഫിലെ ചാമ്പ്യന്മാരായാണ് യുണൈറ്റഡ് പ്രീക്വാര്‍ട്ടറില്‍ കടന്നത്.
അതേസമയം, നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയെ സെനിത് സമനിലയില്‍ തളച്ചു. മത്സരത്തിന്റെ അധിക സമയത്ത് മാഗോമെദ് നേടിയ ഗോളാണ് ചെല്‍സിയുടെ വിജയം നിഷേധിച്ചത്. ക്ലോഡിനോയും സര്‍ദാര്‍ ആസ്മൗനുമാണ് സെനിതിന്റെ മറ്റ് സ്കോറര്‍മാര്‍. ടിമൊ വെര്‍ണര്‍ (2′,85′) റൊമേലു ലൂക്കാക്കു (62′) എന്നിവരാണ് ചെല്‍സിക്കായി ഗോള്‍ നേടിയത്.
Also Read: ISL 2021/22: Hyderabad FC vs Bengaluru FC: രക്ഷകനായി ഒഗ്ബച്ചെ; ഹൈദരാബാദിന് രണ്ടാം ജയം