scorecardresearch

പകരക്കാരനായി മെസി എത്തിയിട്ടും രക്ഷയില്ല; ബാഴ്‌സയ്ക്ക് ഞെട്ടല്‍

115 ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മെസി ബാഴ്‌സയിലേക്ക് മടങ്ങിയെത്തിയത്

ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് ഞെട്ടല്‍. വിജയം പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ ബാഴ്‌സ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനോട് ഗോള്‍ രഹിത സമനില വഴങ്ങി. സൂപ്പര്‍ താരം ലെയണല്‍ മെസി പകരക്കാരനായി കളത്തിലിറങ്ങിയെങ്കിലും ബാഴ്‌സയെ രക്ഷിക്കാനായില്ല.

ശക്തരായ ബാഴ്‌സയ്‌ക്കെതിരെ മികച്ച പോരാട്ടമാണ് ബൊറൂസിയ നടത്തിയത്. കളിക്കളത്തില്‍ ആധിപത്യം പുലര്‍ത്താന്‍ ബൊറൂസിയക്ക് സാധിച്ചു. കളിയില്‍ മികച്ച ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും അവര്‍ക്ക് സാധിച്ചു. 55-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടാന്‍ അവസരം ലഭിച്ചെങ്കിലും ബാഴ്‌സ ഗോള്‍ കീപ്പര്‍ ടെര്‍ സ്റ്റീഗന്‍ തടുത്തു. മത്സരത്തിലുടനീളം സ്പാനിഷ് കരുത്തന്‍മാരായ ബാഴ്‌സയെ പ്രതിരോധത്തിലാക്കാന്‍ ബൊറൂസിയക്ക് സാധിച്ചു.

Read Also: മെസിയ്ക്ക് വേണമെങ്കില്‍ ബാഴ്‌സലോണ വിടാം; ഞെട്ടിച്ച് ക്ലബ്ബ് പ്രസിഡന്റ്

201 പാസുകളാണ് ബാഴ്‌സ ആകെ നടത്തിയത്. ഫ്രീകിക്ക് അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. മത്സരത്തിന്റെ 59-ാം മിനിറ്റിലാണ് ലെയണല്‍ മെസി പകരക്കാരനായി കളത്തിലിറങ്ങിയത്. ഏകദേശം 30 മിനിറ്റ് മാത്രം കളിച്ച മെസിക്ക് കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ സാധിച്ചില്ല.

മെസിയും സുവാരസും ഗ്രീസ്മാനും ചേര്‍ന്ന് ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ബൊറൂസിയ അതെല്ലാം പ്രതിരോധിച്ചു. ഒടുവില്‍ ഏറെ നിരാശനായാണ് മത്സരത്തിന്റെ അവസാനം മെസി കളം വിട്ടത്. 115 ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മെസി ബാഴ്‌സയിലേക്ക് മടങ്ങിയെത്തിയത്.

ബാഴ്‌സ സമനിലയില്‍ ഞെട്ടിയപ്പോള്‍ ലിവര്‍പൂളും ചെല്‍സിയും അടിതറ്റി വീണു. ഇറ്റാലിയന്‍ കരുത്തരായ നപ്പോളിയോട് നിലവിലെ ചാംപ്യന്‍മാരായ ലിവര്‍പൂള്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍വി സമ്മതിച്ചു. ഗ്രൂപ്പ് എച്ചില്‍ വലന്‍സിയയാണ് ചെല്‍സിയെ വീഴ്ത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു വലന്‍സിയയുടെ വിജയം.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Barcelona draws at borussia dortmund champions league

Best of Express