ബാഴ്സിലോണയിൽ താൻ സന്തുഷ്ടനായിരുന്നില്ലെന്ന് സൂപ്പർ താരം നെയ്മർ. പിഎസ്‌ജിയുടെ ഹോം ഗ്രൗണ്ടിൽ ടോലസിനെതിരെ 6-2 ന്റെ വൻ വിജയത്തിന് പിന്നാലെ പാരീസിലായിരുന്നു താരത്തിന്റെ പ്രതികരണം.

“ഞാൻ സത്യമാണ് പറയുന്നത്. ബാഴ്സിലോണ എഫ്‌സിയിൽ ഞാൻ സന്തുഷ്ടനായിരുന്നില്ല. നാല് വർഷം ഞാൻ അവിടെ ഉണ്ടായിരുന്നു. ശരിയാണ്, കളിക്കളത്തിൽ സന്തോഷത്തോടെയും ആത്മാർത്ഥയോടെയുമാണ് ഞാൻ കളിച്ചത്. പക്ഷെ അവിടുത്തെ ഡയറക്ടർമാരോട് ഞാൻ ഒട്ടും തന്നെ സന്തോഷത്തിലായിരുന്നില്ല”, ബ്രസീലിയൻ താരം പറഞ്ഞു.

“എന്നെ സംബന്ധിച്ചിടത്തോളം ബാഴ്സയെ നയിക്കേണ്ടത് അവരല്ല. അത്രയും നല്ല ടീമിനെ നയിക്കേണ്ട ഡയറക്ടർമാരല്ല അവർ. ബാഴ്സ കൂടുതൽ നല്ല ഡയറക്ടർമാരെ അർഹിക്കുന്നു, അത് ബാഴ്സയുടെ ആരാധകർക്കെല്ലാം അറിയാം”, നെയ്മർ പറഞ്ഞു.

കാൽപന്ത് കളിയിലെ കറ്റാലൻ ഭീമരായിട്ടും ബാഴ്സയ്ക്ക് ഇനിയും നെയ്മറിന് പകരക്കാരനെ കണ്ടെത്താനായിട്ടില്ല. ആഗസ്ത് 31 ന് മുൻപ് പുതിയ താരവുമായി കരാർ ഒപ്പിട്ടില്ലെങ്കിൽ ഇത്തവണ ബാഴ്സയ്ക്ക് നെയ്മറുടെ ഒഴിവ് നികത്താനാവില്ല.

ലിവർപൂളിൽ നിന്ന് ബ്രസീലിയൻ താരം ഫിലിപ് കൊടിഞ്ഞീയേയും ബോറുസിയ ഡോർട്ട്മുണ്ട് താരം ഓസ്മാൻ ഡംബിളിനെയും 10 കോടി യൂറോയിലധികം തുകയ്ക്ക് കരാർ ഒപ്പിടാൻ ശ്രമിച്ചുവെങ്കിലും ഇത് പരാജയപ്പെട്ടിരുന്നു.

അതേസമയം മിഡ്‌ഫീൽഡ പൌളിർോയ്ക്കായി 40 ദശലക്ഷം യൂറോ ചിലവഴിച്ച ക്ലബിന്റെ തീരുമാനത്തെ വലിയ തോതിലാണ് ആരാധകർ വിമർശിച്ചത്. 20 ദശലക്ഷം രൂപയിൽ കൂടുതൽ ചൈനീസ് സൂപ്പ ലീഗിൽ കളിക്കുന്ന താരത്തിന് ചിലവഴിക്കരുതായിരുന്നുവെന്നാണ് ആരാധകരുടെ പക്ഷം.

എന്നാൽ ഇതേക്കുറിച്ച് സംസാരിക്കാൻ താത്പര്യപ്പെടുന്നില്ലെന്നാണ് നെയ്മർ പറഞ്ഞത്. “ബാഴ്സിലോണ എഫ്‌സിയിൽ എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. അവരെല്ലാവരും ഇന്ന് ദു:ഖിതരാണ്. അവിടെയെന്താണ് നടക്കുന്നതെന്ന് എനിക്കറിയില്ല. അതേപറ്റി മറ്റൊരു ടീമിലിരുന്ന് ഞാൻ പറയാനും പാടില്ല. ബാഴ്സയിൽ നിലവിലെ സാഹചര്യം മെച്ചപ്പെടുമെന്നാണ് താൻ കരുതുന്നത്.” നെയ്മർ അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ