മാഡ്രിഡ്: ലോകകപ്പിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ താരകൈമാറ്റ വിപണി സജീവമായിരിക്കുകാണ്. സൂപ്പർ താരങ്ങളെ റാഞ്ചാൻ മുൻനിര ക്ലബുകൾ എല്ലാം സജീവമായി രംഗത്തുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗാരത് ബെയ്ൽ, എഡിൻ ഹസാഡ് തുടങ്ങിയ മൂല്യമേറിയ താരങ്ങളെ സ്വന്തമാക്കാൻ പ്രമുഖ ക്ലബുകൾ രംഗത്തുണ്ട്. എന്നാൽ സ്വന്തം താരങ്ങളെ ടീമിൽ നിലനിർത്താനുളള പരക്കം പാച്ചിലിലാണ് ബാഴ്‌സലോണ.

ബാഴ്‌സലോണയുടെ ഫ്രഞ്ച് താരം സാമുവൽ ഉംറ്റിറ്റിയെ റാഞ്ചാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉൾപ്പടെ യൂറോപ്പിലെ മുൻനിര ക്ലബുകളാണ് രംഗത്ത് ഉണ്ടായിരുന്നത്. എന്നാൽ ഈ നീക്കങ്ങൾ എല്ലാം പൊളിച്ച് ബാഴ്‌സലോണ പ്രസിഡന്റ് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. സാമുവൽ ഉംറ്റിറ്റിയുമായുളള കരാർ 5 വർഷത്തേക്ക് പുതുക്കുന്നതിൽ ക്ലബ് അധികൃതർ വിജയിച്ചിരിക്കുകയാണ്.

2023 വരെ ബാഴ്സയിൽ തുടരാനുളള കരാറിലാണ് ഉംറ്റിറ്റി ഒപ്പിട്ടിരിക്കുന്നത്. 24 വയസ്സ് മാത്രം പ്രായമുളള ഉംറ്റിറ്റി ബാഴ്‌സലോണയ്ക്കായി 88 മൽസരങ്ങളിൽ ബൂട്ട് കെട്ടിയിട്ടുണ്ട്. 2016 ൽ ഫ്രഞ്ച് ക്ലബ് ലിയോണിൽ നിന്നാണ് ഉംറ്റിറ്റിയെ ബാഴ്‌സലോണ സ്വന്തമാക്കിയത്.

ബാഴ്‌സലോണയുടെ വൺ-ടച്ച് ഫുട്ബോൾ ശൈലിക്ക് അനുയോജ്യനായ താരമാണ് സാമുവൽ ഉംറ്റിറ്റി. ബാഴ്സയുടെ ഇതിഹാസ താരമായ കാർലോസ് പുയോളിന്റെ പിൻഗാമിയായാണ് ഈ ഫ്രഞ്ച് താരത്തെ വിശേഷിപ്പിക്കുന്നത്. റഷ്യൻ ലോകകപ്പിൽ ഫ്രഞ്ച് പ്രതിരോധകോട്ട കാക്കുന്നത് ഈ ഇടങ്കാലൻ​ താരമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook