മാഡ്രിഡ്: ഫുട്ബോൾ മൈതാനത്ത് വീണ്ടും കറുത്തവനോട് അസഹിഷ്ണുത. ബാഴ്സിലോണ താരം സാമുവൽ ഉംറ്റിറ്റിക്ക് നേരെയാണ് വംശീയ അധിക്ഷേപം ഉണ്ടായത്. ലാലീഗയിൽ ഇന്നലെ നടന്ന ബാഴ്സിലോണ Vs എസ്പാന്യോൾ മൽസരത്തിനിടെയാണ് എതിർ താരം സാമുൽ ഉംറ്റിറ്റിയെ അപമാനിച്ചത്.

കാറ്റലോണിയയിലെ അയൽക്കാർ തമ്മിലുളള മൽസരത്തിനിടെയാണ് ഫ്രഞ്ച് ദേശീയ താരമായ സാമുവൽ ഉംറ്റിറ്റി അപമാനിക്കപ്പെട്ടത്. എസ്പാന്യോൾ താരമായ സെർജിയോ ഗാർസിയാണ് ഉംറ്റിറ്റിയെ അപമാനിച്ചത്.

ഗാർസിയുടെ പരാമർശത്തിൽ പ്രകോപിതനായ ഉംറ്റിറ്റി താരവുമായി കയ്യാങ്കളിയിൽ ഏർപ്പെടുകയും ചെയ്തു. എന്നാൽ ജെറാഡ് പീക്വയുടെ ഇടപെടലാണ് ഒരു സംഘർഷം ഒഴിവാക്കിയത്. ബലം പ്രയോഗിച്ചാണ് ഉംറ്റിറ്റിയെ മൈതാനത്ത് നിന്നും പീക്വെ കൊണ്ടുപോയത്.

ഡ്രസിങ് റൂമിന് സമീപത്തും ഇരുവരും തമ്മിൽ നേർക്കുനേർ വന്നിരുന്നു. പിന്നീട് സെർജിയോ ഗാർസി ബാഴ്സിലോണയുടെ ഡ്രസിങ് റൂമിൽ എത്തി ഉംറ്റിറ്റിയോട് മാപ്പ് പറഞ്ഞതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തെപ്പറ്റി പരിശീലകൻ ഏർനെസ്റ്റോ വാൽവെർദേ പ്രതികരിച്ചില്ല. വിഷയത്തിൽ ബാഴ്സിലോണ ഇതുവരെ പരാതി നൽകിയിട്ടില്ല.

എസ്പാന്യോളിന്റെ തട്ടകത്തിൽ നടന്ന മൽസരം 1-1 എന്ന സ്കോറിന് സമനിലയിൽ പിരിയുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook