സീസണിലെ മോശം തുടക്കവും, നെയ്മറിന്രെ കൂടുമാറ്റവും ബാഴ്സിലോണയെ പിടിച്ച് കുലുക്കിയിരിക്കുകയാണ്. സ്പാനിഷ് സൂപ്പർ കപ്പിൽ ചിരവൈരികളായ റയൽ മാഡ്രിഡിനോട് തോറ്റ് തുന്നംപാടിയത് ആരാധകരെ കടുത്ത നിരാശയിലേക്കാണ് തള്ളിവിട്ടത്. ഇതിനിടെ ക്ലബ് പ്രസിഡൻഡ് ബാർമ്മറ്റേയുവിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നു. പുതിയ താരങ്ങളെ ടീമിലെടുക്കത്തതിനായിരുന്നു ആരാധകരുടെ പ്രതിഷേധം. എന്നാൽ ഈ പ്രതിസന്ധിഘട്ടത്തെ മറികടക്കാനുള്ള തീവ്രശ്രമത്തിലാണ് ക്ലബ് അധികൃതർ.

ബ്രസീലിയൻ താരമായ ഫിലിപ്പ് കുട്ടീഞ്ഞോയെയും, ബൊറൂസിയ ഡോർട്ട്മുണ്ട് താരം ഉസ്മാൻ ഡെംബേലയെയും ടീലെത്തിക്കാനുള്ള അവസാന ശ്രമത്തിലാണ് ക്ലബ് അധികൃതർ. ഇരു താരങ്ങളുമായുള്ള ചർച്ചകൾ ഏകദേശം പൂർത്തിയാക്കഴിഞ്ഞതായി ബാഴ്സിലോണ സ്പോർട്ടിങ്ങ് മാനേജർ പെപ് സെഗ്യൂര സ്ഥിരീകരിച്ചു. താരങ്ങളുടെ ഏജന്റുമായി കരാർ സംബന്ധിച്ച് ധാരണയായതായി അദ്ദേഹം പറഞ്ഞു. കുട്ടീഞ്ഞോയും, ഡെംബേലയും ഉടൻ തന്നെ ബാഴ്സ കുപ്പായം അണിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ട്രാൻഫർ പൂർത്തീകരിക്കുന്നതിനായി ഇരു താരങ്ങളെയും ക്ലബ് അധികൃതർ ടീമിൽ നിന്ന് റിലീസ് ചെയ്തിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ക്വാളിഫിക്കേഷൻ റൗണ്ട് മത്സരത്തിനായുള്ള ടീമിൽ നിന്ന് കുട്ടീഞ്ഞോയെ യൂർഗൻ ക്ലോപ്പ് ഒഴിവാക്കിയിരുന്നു. ടീമിന്റെ പരിശീലനത്തിൽ നിന്നും വിട്ടുനിന്നെന്ന് ആരോപിച്ച് ഡെംബേലയെ ബോറൂസിയ ഡോർട്ട്മുണ്ട് സസ്പെൻഡ് ചെയ്തിരിക്കുകായാണ്.

100 മില്യൺ യൂറോയ്ക്ക് മുകളിലാണ് ഫിലിപ്പ് കുട്ടീഞ്ഞോയുടെ ട്രാൻസ്ഫർ തുകയെന്നാണ് സൂചന. ഡെംബേലയ്ക്കായി 90 മില്യൺ യൂറോയാണ് ബാഴ്സിലോണ വാഗ്ദാനം നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ