ബാഴ്സലോണ: ലാ ലിഗയിൽ പരാജയപ്പെട്ട് മടങ്ങേണ്ടി വന്നെങ്കിലും ഇത്തവണത്തെ യുവേഫ ചാംപ്യൻസ് ലീഗിൽ ക്ലബ്ബിന്  വിജയിക്കാനാവുമെന്ന് ബാഴ്‌സ മുഖ്യ പരിശീലകൻ ക്വിക്കെ സെറ്റിയൻ. ഈ വർഷത്തെ ലാ ലിഗ കീരിടം ബാഴ്സയ്ക്ക് നഷ്ടപ്പെടുകയായിരുന്നു. വ്യാഴാഴ്ച ഒസസൂനയുമായുള്ള മത്സരത്തിൽ ബാഴ്സ 2-1ന് പരാജയപ്പെടുകയും റയൽ മാഡ്രിഡ് 2-1ന് വിയ്യാറയലിനെ തോല്‍പ്പിക്കുകയും ചെയ്തതൊടെയായിരുന്നു ബാഴ്സ പരാജയം. ചിരവൈരികളായ റയല്‍ കിരീടം സ്വന്തമാക്കുകയും ചെയ്തു.

പരാജയത്തെ തുടർന്ന് ടീമിന്റെ പ്രകടനത്തിൽ ബാഴ്സ നായകൻ ലയണൽ മെസ്സി രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. ഇതാണ് അവസ്ഥയെങ്കിൽ ചാംപ്യൻസ് ലീഗിൽ മുന്നോട്ട് പോവുന്ന കാര്യത്തിൽ ഒരു പ്രതീക്ഷയുമില്ലെന്നും മെസ്സി പറഞ്ഞിരുന്നു.

Read More: റയലിനെ കിരീടം നേടാൻ സഹായിച്ചത് ദുർബലരായ ബാഴ്സലോണ; ടീമിനെതിരെ പൊട്ടിത്തെറിച്ച് മെസി

ലാ ലിഗ കിരീടം നഷ്ടപ്പെട്ട ബാഴ്സയ്ക്ക് ലീഗിൽ ഇന് ഒരു മത്സരം കൂടി അവശേഷിക്കുന്നുണ്ട്. ഇന്ന് രാത്രി 8.30നാണ് അലേവ്സുമായുള്ള ബാഴ്സയുടെ സീസണിലെ അവസാന ലാ ലിഗ മത്സരം. ചാമ്പ്യൻസ് ലീഗിൽ ബാഴ്സ ഇനി ഓഗസ്റ്റ് എട്ടിന് നെപ്പോളിയുമായുള്ള രണ്ടാം പാദ പ്രീക്വാർട്ടർ മത്സരത്തിലാണ് ഏറ്റുമുട്ടുക. ബാഴ്സ-നെപ്പോളി ആദ്യ പാദ ക്വാർട്ടർ 1-1ന് പിരിഞ്ഞിരുന്നു.

നെപ്പോളിയെ പരാജയപ്പെടുത്തിയാൽ ബാഴ്സയ്ക്ക് ക്വാർട്ടറിൽ പ്രവേശിക്കാം. നിലവിൽ പ്രീക്വാർട്ടറിൽ ഡോർട്ട്മുൺഡിനെ പരാജയപ്പെടുത്തിയ പിഎസ്‌ജി, ലിവർപൂളിനെ പരാജയപ്പെടുത്തിയ അത്ലറ്റിക്കോ മാഡ്രിഡ്, ടോട്ടനത്തെ പരാജയപ്പെടുത്തിയ റെഡ്ബുൾ ലെയ്പ്സിഗ്, വലെൻസിയയെ തോൽപിച്ച അത്ലാന്റ എന്നിവരാണ് ചാമ്പ്യൻസ് ലീഗിന്റെ അവസാന എട്ടിൽ പ്രവേശിച്ചത്.

ബാഴ്സ- നെപ്പോളിക്ക് പുറമെ യുവന്റസ്- ഒളിംപിക് ലയണൽസ്, മാഞ്ചസ്റ്റർ സിറ്റി- റയൽ മാഡ്രിഡ്, ബയേൺ-ചെൽസി രണ്ടാംപാദ മത്സരങ്ങളാണ് പ്രീ ക്വാർട്ടറിൽ പൂർത്തിയാവാനുള്ളത്. ആദ്യ പാദത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ബയേൺ ചെൽസിയെയും 2-1ന് സിറ്റി റയലിനെയും തോൽപിച്ചു. യുവന്റസ് ഒളിംപിക് ലയണൽസിനോട് 1-0ന് പരാജയപ്പെടുകയും ചെയ്തു.

Read More: തോൽവിയിൽ ഞെട്ടി ബാഴ്‌സ; ലാ ലിഗ കിരീടത്തിൽ മുത്തമിട്ട് റയൽ

ലാലിഗ പരാജയത്തെത്തുടർന്ന് മെസ്സിയടക്കമുള്ള സീനിയർ താരങ്ങൾ പരിശീലകന്‍ ക്വികെ സെറ്റിയനോട് വിയോജിപ്പ് പ്രകടിപ്പിച്ചതായി ചർച്ചകളുയർന്നിരുന്നു. പരിശീലകനെ മാറ്റണമെന്നുള്ള ആവശ്യവും ഉയർന്നിരുന്നു. എന്നാൽ അടുത്ത മാസം ചാമ്പ്യന്‍സ് ലീഗിലും സെറ്റീന്‍ ബാഴ്‌സയുടെ കോച്ചായി തുടരുമെന്ന് ക്ലബ്ബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍തോമു വ്യക്തമാക്കിയിരുന്നു.

ബാഴ്‌സലോണ മാനേജ്‌മെന്റ് ഇനിയും പഠിച്ചില്ലെങ്കില്‍ ചാമ്പ്യന്‍സ് ലീഗിലും വലിയ പ്രതീക്ഷ വെക്കേണ്ടെന്ന തരത്തിൽ മെസി അഭിപ്രായം പറഞ്ഞിരുന്നു. അനിവാര്യമായ മാറ്റങ്ങള്‍ ടീമില്‍ വരുത്തേണ്ടതുണ്ടെന്നും മെസ്സി പറഞ്ഞിരുന്നു.

എന്നാൽ വിയ്യാറയലിനെ 3-1ന് പരാജയപ്പെടുത്തിയത് പോലെ മികച്ച കളി പുറത്തെടുത്താൽ ടീമിന് ചാംപ്യൻസ് ലീഗ് നേട്ടത്തിലേക്കെത്താനാവുമെന്ന് സെറ്റീൻ പറഞ്ഞു. “അദ്ദേഹം (മെസ്സി) പറഞ്ഞത് ശരിയാണ്, ഞങ്ങൾ ചില ഗെയിമുകളിൽ കളിച്ചതുപോലെ മോശമായി കളിച്ചാൽ ഞങ്ങൾക്ക് ഒന്നും നേടാനാവില്ല, പക്ഷേ ഞങ്ങൾക്ക് മികച്ച സമയങ്ങൾ ഉണ്ടായിരിക്കും. നമ്മൾ എങ്ങനെ മെച്ചപ്പെടണമെന്ന് നമുക്കെല്ലാവർക്കും അറിയാം എന്നതാണ് പ്രധാന കാര്യം, കൂടുതൽ വിശ്വസനീയമായ ഒരു ടീമായിരിക്കാൻ നമ്മൾ പഠിക്കേണ്ടതുണ്ട്. വിയ്യാറയലിനെതിരെ നമ്മൾ കളിച്ചതുപോലെ കളിക്കാൻ കഴിയുമെങ്കിൽ, നമുക്ക് ചാമ്പ്യൻസ് ലീഗ് നേടാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്, ” ശനിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ സെറ്റീൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Read More:  പുതിയ റെക്കോർഡിട്ട് മെസി; ലാലിഗയിൽ ‘തട്ടിമുട്ടി’ ബാഴ്‌സ

ജനുവരി മുതൽ ടീമിന്റെ ഫോമിലുണ്ടായ മാറ്റത്തെ മെസി വിമർശിച്ചത് സെറ്റീനെ ലക്ഷ്യംവച്ചാണെന്ന വാദങ്ങൾ ബാഴ്സ കോച്ച് തള്ളുകയും ചെയ്തു. “തീർച്ചയായും അല്ല. തെറ്റായി വ്യാഖ്യാനിക്കാൻ കഴിയുന്ന ചില നിമിഷങ്ങളിൽ ഞങ്ങൾ എല്ലാവരും കാര്യങ്ങൾ പറയുന്നു. നിരാശാജനകമായ സമയങ്ങളിൽ ഇതുപോലുള്ള കാര്യങ്ങൾ എല്ലാ ദിവസവും സംഭവിക്കുന്നു, ഞാൻ അതിന് വളരെയധികം പ്രാധാന്യം നൽകുന്നില്ല, ” സെറ്റീൻ കൂട്ടിച്ചേർത്തു.

മുൻ പരിശീലകൻ ഏണസ്റ്റോ വാൽവർഡെയെ പുറത്താക്കിയ ശേഷം ബാഴ്സ പരിശീലക സ്ഥാനത്തെത്തിയ സെറ്റീൻ ജനുവരിയിലാണ് ചുമതലയിൽ പ്രവേശിച്ചത്. വെള്ളിയാഴ്ച ബാഴ്‌സ പ്രസിഡന്റ് ജോസെപ് മരിയ ബർതോമുവുമായി സെറ്റീൻ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ അസ്വാഭാവികതയൊന്നുമില്ലെന്നും വാർത്താ സമ്മേളനത്തിൽ സെറ്റീൻ പറഞ്ഞു. “അതുപോലുള്ള മീറ്റിംഗുകൾ നടത്തുന്നത് സാധാരണമാണ്, ടീമിനെ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഞങ്ങൾക്കെല്ലാം ആശങ്കയുണ്ട്, അതിനെക്കുറിച്ചാണ് കൂടിക്കാഴ്ച, ഭാവിയിലേക്കായി ശുഭാപ്തിവിശ്വാസത്തോടെ തയ്യാറെടുക്കേണ്ടതുണ്ട്,” സെറ്റിയൻ പറഞ്ഞു.

“ടീം എങ്ങനെ കളിക്കണമോ അതുപോലെയല്ല കളിക്കുന്നത്, നാമെല്ലാവരും ഒരു ഇടവേള എടുക്കുകയും ചിന്തകളെ സ്വസ്ഥമാക്കുകയും വേണം, സ്വയം രൂപാന്തരപ്പെടുകയും നമുക്ക് ആകാവുന്ന ടീമായി മടങ്ങുകയും വേണം,” സെറ്റിയൻ പറഞ്ഞു.

Read More: Rusty Barcelona can still win Champions League: coach Quique Setien

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook