മഡ്രിഡ്: സ്പാനിഷ് ലീഗില്‍ ബാര്‍സിലോനയ്ക്കും റയല്‍ മഡ്രിഡിനും ജയം. ആദ്യമല്‍സരത്തില്‍ അത്‌ലെറ്റിക്കോ ഒസാസുനയെ ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് ബാഴ്സ തോൽപ്പിച്ചത്. ലയണൽ മെസ്സി ഇരട്ട ഗോളുകൾ നേടി. 12-ാം മിനിറ്റിലായിരുന്നു മെസ്സി ആദ്യഗോളടിച്ചത്. 61-ാം മിനിറ്റിൽ രണ്ടാം ഗോളും നേടി. ആന്ദ്രേ ഗോമസും, പാക്കോ അല്‍കാസെറും രണ്ടുഗോളുകളടിച്ചു. മഷ്കരാനോ പെനൽറ്റിയിൽനിന്നും ഗോൾ നേടിയതിലൂടെ ബാഴ്സയ്ക്ക് തകർപ്പൻ ജയം. ഒസാസുനയ്ക്ക് ഒരു ഗോൾ മാത്രമാണ് നേടാനായത്. 34 മൽസരങ്ങളിൽനിന്ന് 78 പോയിന്റുമായി ബാർസിലോന ഒന്നാം സ്ഥാനത്താണ്.

ഡിപോർട്ടീവോയ്ക്കെതിരെ 6-2നായിരുന്നു റയലിന്റെ വിജയം. പരുക്കേറ്റതിനെത്തുടർന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിച്ചില്ല. രണ്ടു ഗോളടിച്ച കൊളംബിയൻ താരം ഹാമിഷ് റോഡ്രിഗസാണ് റയലിന്റെ കളിയിലെ കേമൻ. സ്പാനിഷ് ലീഗ് പോയന്റ് നിലയില്‍ റയൽ രണ്ടാം സ്ഥാനത്താണ്. 78 പോയിന്റുണ്ടെങ്കിലും മികച്ച ഗോള്‍ശരാശരിയാണ് ബാഴ്‌സയ്ക്ക് തുണയായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ