/indian-express-malayalam/media/media_files/2025/05/22/yPLcnDHkOWbiakSHYEfz.jpg)
Lamine Yamal Photograph: (lamine Yamal, Instagram)
ബാഴ്സയെ പ്രതാപ കാലത്തേക്ക് ലാമിൻ യമാൽ തിരികെ കൊണ്ടുപോകും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഈ സീസണിൽ ഡൊമസ്റ്റിക് ട്രെബിളിലേക്ക് ബാഴ്സ എത്തുമ്പോൾ ഫുട്ബോൾ ലോകം ലാമിൻ യമാലിന്റെ കളി കണ്ടാണ് വിസ്മയിച്ചത്. ഇതിനിടയിൽ ബാഴ്സയുടെ വണ്ടർ കിഡ് ചിരവൈരികളായ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
ജൂണിൽ 18 വയസ് തികയുന്നതോടെ തങ്ങളുടെ ഗോൾഡൻ ബോയിയുമായി ബാഴ്സ പുതിയ കരാർ ഒപ്പുവയ്ക്കും. ബാഴ്സയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാവണം തനിക്ക് എന്ന ആവശ്യം ലാമിൻ യമാൽ മുൻപിൽ വെച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങളെല്ലാം തള്ളുകയാണ് ബാഴ്സ ഡയറക്ടർ ഡികോ.
"ടീമിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാവണം എന്ന ആവശ്യം ലാമിൻ മുൻപോട്ട് വെച്ചിട്ടില്ല. ആ വാർത്ത സത്യമല്ല. ബാഴ്സയിൽ സന്തോഷവാനായിരിക്കാൻ മാത്രമാണ് ലാമിൻ ആഗ്രഹിക്കുന്നത്. തന്റെ പ്രായത്തിനൊത്തുള്ള ജീവിതമാണ് ലാമിൻ ആഗ്രഹിക്കുന്നത്. ഈ നിലവാരത്തിലെ ഒരു താരം സന്തോഷവാനായിരിക്കണം," ഡികോ പറഞ്ഞു.
"അവന്റെ പ്രായം 17 ആണോ 26 ആണോ എന്നതൊന്നുമല്ല വിഷയം. എന്നെ സംബന്ധിച്ച് ഓരോ കളിക്കാരനും അവർക്ക് അർഹിക്കുന്ന പ്രതിഫലം ലഭിക്കണം. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാവുക എന്നതല്ല കാര്യം. അവൻ സന്തോഷവാനാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം. ബാഴ്സയേക്കാൾ മികച്ചൊരു ക്ലബ് അവന് വേറെ ലഭിക്കുമെന്ന് എനിക്ക് തോന്നുന്നില്ല."
കഴിഞ്ഞ സീസണിൽ ലാമിൻ യമാലിനായി ട്രാൻസ്ഫർ ഓഫർ വന്നതായും ഡികോ വെളിപ്പെടുത്തുന്നു. പിഎസ്ജി ആവശ്യപ്പെട്ടിരുന്നു. റയൽ മാഡ്രിഡ് സമീപിച്ചിട്ടില്ല. ഞങ്ങൾ ഈ ഓഫറുകളൊന്നും ശ്രദ്ധിക്കുന്നില്ല. അവൻ ഇവിടെ തുടരണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് എന്നും ഡികോ പറഞ്ഞു.
ഫുട്ബോൾ ലോകം അടക്കിവാഴാൻ പോകുന്ന താരം
ബാഴ്സയുടെ പക്കലുള്ള ഏറ്റവും മൂർച്ചയേറിയ ആയുധമാണ് 17കാരൻ ലാമിൻ യമാൽ ഇപ്പോൾ. മെസി ലോകത്തെ വിസ്മയിപ്പിച്ച് പന്ത് തട്ടിയിരുന്ന പൊസിഷനിൽ നിന്ന് ലാമിൻ യമാൽ ബാഴ്സയെ ഉയരങ്ങളിലേക്ക് വീണ്ടുമെത്തിക്കുന്നു. ഫുട്ബോൾ ലോകം അടക്കിവാഴാൻ പോകുന്ന താരം എന്ന വിശേഷണം സ്വന്തമാക്കി കഴിഞ്ഞു.
മൂന്ന് സീസണുകളിലായി ലാമിൻ യമാൽ 107 മത്സരങ്ങളാണ് ബാഴ്സയ്ക്ക് വേണ്ടി കളിച്ചത്. നേടിയത് 26 ഗോളുകൾ. 34 അസിസ്റ്റുകളും വന്നു. ലാമിൻ യമാൽ കളിച്ച ഈ 107 മത്സരങ്ങളിൽ 73 മത്സരങ്ങളിൽ ജയം പിടിക്കാൻ ബാഴ്സയ്ക്ക് സാധിച്ചു.ഈ സീസണിൽ 18 ഗോളും 25 അസിസ്റ്റും ബാഴ്സയ്ക്കായി ലാമിൻ യമാലിൽ നിന്ന് വന്നു. ഡൊമസ്റ്റിക് ട്രെബിളിലേക്ക് ബാഴ്സയെ എത്താൻ സഹായിച്ചതും ലാമിൻ യമാലിന്റെ പ്രകടനമാണ്.
Read More
- ഞാനും മെസിയും ചരിത്രം തിരുത്തി; ഇനി ലാമിൻ യമാലിന്റെ ഊഴമാണ്: റൊണാൾഡീഞ്ഞോ
- Cristiano Ronaldo: 40കാരനായ റൊണാൾഡോയുടെ ശരീരം 28 വയസുകാരന്റേത്; പഠന റിപ്പോർട്ട്
- Kerala Blasters: ഹോർമിപാം ബെംഗളൂരുവിന്റെ റഡാറിൽ; വമ്പൻ ട്രാൻസ്ഫർ ഫീ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ്
- റയൽ മാഡ്രിഡും ബ്രസീൽ ദേശിയ ടീമുമായി സൗഹൃദ മത്സരം; വമ്പൻ പോരിന് വഴി തെളിയുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us