ക്യാംപ് ന്യു: ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തിൽ സ്വന്തം തട്ടകത്തിൽ നാണംകെട്ട തോൽവി വഴങ്ങി ബാഴ്‌സലോണ. ഗ്രൂപ്പ് ‘ജി’യിലെ എതിരാളികളായ യുവന്റസിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബാഴ്‌സ തോൽവി സമ്മതിച്ചു.

Image

ബാഴ്‌സയ്‌ക്ക് വേണ്ടി ലയണൽ മെസിയും യുവന്റസിന് വേണ്ടി ക്രിസ്‌റ്റ‌്യാനോ റൊണാൾഡോയും കളത്തിലിറങ്ങി. എന്നാൽ, റൊണാൾഡോ ഇരട്ട ഗോളുകളുമായി കളം നിറഞ്ഞപ്പോൾ മെസി കളിക്കളത്തിൽ നിഷ്‌പ്രഭനായി. പെനാൽറ്റിയിലൂടെയാണ് റൊണാൾഡോ യുവന്റസിന് വേണ്ടി ഇരട്ട ഗോൾ നേടിയത്. ഇതിനു പുറമേ വെസ്റ്റൻ മക്കെന്നിയും യുവന്റസിന് വേണ്ടി ഒരു ഗോൾ നേടി.

Image

ആദ്യ പകുതിയുടെ 20 മിനിറ്റ് പൂർത്തിയാകുമ്പോൾ തന്നെ ബാഴ്‌സയുടെ വല രണ്ട് തവണ കുലുങ്ങി. ഇതോടെ മെസിയും കൂട്ടരും പ്രതിരോധത്തിലായി. ആദ്യ മിനിറ്റുകളിൽ ബാഴ്‌സയുടെ പ്രകടനം ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു. യുവന്റസ് നിരന്തരം ബാഴ്‌സയുടെ ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി മുന്നേറി. ഈ മുന്നേറ്റത്തെ പ്രതിരോധിക്കാൻ ബാഴ്‌സയ്‌ക്ക് സാധിച്ചില്ല.

Read Also: ടി20 ലോകകപ്പിലേക്ക് ഈ താരം ഇന്ത്യയ്ക്ക് മുതൽകൂട്ടാണ്: കോഹ്‌ലി

മത്സരം 20 മിനിറ്റ് പൂർത്തിയായതോടെ ബാഴ്‌സ കളിയിലേക്ക് തിരിച്ചുവരുന്ന പ്രതീതിയുണ്ടായി. ബോൾ കൈവശം വയ്‌ക്കാനും പാസുകൾ നൽകാനും ബാഴ്‌സ ശ്രദ്ധിച്ചു. എന്നാൽ, അപ്പോഴും യുവന്റസിന് മറുപടി ഗോൾ നൽകാൻ ബാഴ്‌സ താരങ്ങൾക്ക് സാധിച്ചില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ മൂന്നാം ഗോൾ കൂടി വഴങ്ങിയതോടെ ബാഴ്‌സ നിലയില്ലാകയത്തിലേക്ക് വീണു. പിന്നീടൊരിക്കലും മത്സരത്തിലേക്ക് തിരിച്ചെത്താൻ സ്‌പാനിഷ് വമ്പൻമാർക്ക് സാധിച്ചില്ല. യുവന്റസ് ഗോൾകീപ്പർ ബുഫൺ നടത്തിയ മിന്നും പ്രകടനവും ബാഴ്‌സയുടെ മുന്നേറ്റങ്ങൾക്ക് തിരിച്ചടിയായി. പല തവണ ഗോൾ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ബുഫൺ തീർത്ത പ്രതിരോധ മതിലിൽ തട്ടി ബാഴ്‌സ താരങ്ങൾക്ക് നിരാശപ്പെടേണ്ടി വന്നു. ബാഴ്‌സയ്‌ക്ക് വേണ്ടി മെസി മികച്ച പോരാട്ടം നടത്തി.

Image

ബുഫൺ

മൂന്നു കീപാസുകൾ മത്സരത്തിൽ നൽകിയ താരം ആകെയെടുത്ത പതിനൊന്നു ഷോട്ടുകളിൽ ഏഴെണ്ണവും ലക്ഷ്യത്തിലേക്കു പോകുന്നതായിരുന്നു. എന്നാൽ, അതെല്ലാം ബുഫൺ പ്രതിരോധിച്ചു.

ബാഴ്‌സയ്‌ക്കെതിരായ ജയത്തോടെ യുവന്റസ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി. നേരത്തെ ഒന്നാം സ്ഥാനത്തായിരുന്ന ബാഴ്‌സ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook