ഭുവനേശ്വര്‍: ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് പ്രഥമ സൂപ്പര്‍ ക്പ്പ് കിരീടം ബെംഗളൂരു എഫ്‌സിയ്ക്ക്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബെംഗളൂരുവിന്റെ ജയം. സൂപ്പര്‍ താരം സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളിന്റെ കരുത്തിലാണ് ബെംഗളൂരുവിന്റെ വിജയം.

കളി തുടങ്ങി 28ാം മിനുറ്റില്‍ ഈസ്റ്റ് ബംഗാള്‍ ലീഡ് നേടിയെങ്കിലും പത്ത് മിനുറ്റിനുള്ളില്‍ ബെംഗളൂരു സമനില പിടിക്കുകയായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സമദ് മാലിക് ചുവപ്പ് കാര്‍ഡ് പുറത്തായതോടെ പത്ത് പേരുമായാണ് ഈസ്റ്റ് ബംഗാള്‍ രണ്ടാം പകുതിയില്‍ കളിച്ചത്.

രാഹുല്‍ ബെക്കെയായിരുന്നു ബെംഗളൂരുവിന്റെ ആദ്യ ഗോള്‍ നേടിയത്. ഹെഡ്ഡറിലൂടെയാണ് ബെക്ക ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി നായകന്‍ സുനില്‍ ഛേത്രി നീലപ്പടയെ മുന്നിലെത്തിച്ചു. ഈസ്റ്റ് ബംഗാള്‍ താരം ഗുര്‍വീന്ദറിന്റെ ഹാന്‍ഡ് ബോളില്‍ നിന്നുമാണ് പെനാല്‍റ്റി പിറന്നത്.

രണ്ട് മിനുറ്റിന് ശേഷം വിക്ടര്‍ പെരസിന്റെ പാസ് ഗോളാക്കി മിക്കു വീണ്ടും ബെംഗളൂരുവിന്റെ ലീഡുയര്‍ത്തി. ഒടുവില്‍ കളിയവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ സുനില്‍ ഛേത്രിയുടെ രണ്ടാം ഗോളും പിറന്നു. ബെക്കയുടെ പാസില്‍ നിന്നും ഹെഡ്ഡറിലൂടെയായിരുന്നു ഛേത്രിയുടെ രണ്ടാം ഗോള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ