ഏഷ്യ കപ്പ് ഫൈനലിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. അവസാന ബോൾവരെ പൊരുതിയശേഷമാണ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾക്ക് വിജയം കൈപ്പിടിയിലൊതുക്കാനായത്. പക്ഷേ ഫൈനലിലെ ഇന്ത്യൻ വിജയം ബംഗ്ലാദേശ് ആരാധകർക്ക് ഉൾക്കൊളളാനായിട്ടില്ല.
ഫൈനലിൽ ബംഗ്ലാദേശ് താരമായ ലിറ്റൺ ദാസ് സ്റ്റമ്പിങ്ങിലൂടെ പുറത്തായ തീരുമാനം തെറ്റായിരുന്നുവെന്നാണ് ബംഗ്ലാദേശ് ആരാധകർ പറയുന്നത്. ദാസ് 121 റൺസുമായി നിൽക്കുമ്പോഴായിരുന്നു ധോണിയുടെ സ്റ്റമ്പിങ്ങിൽ പുറത്തായത്. തേർഡ് അമ്പയറും തീരുമാനം ശരിവച്ചു. എന്നാൽ ദാസ് പുറത്തായത് അമ്പയറുടെ തെറ്റായ തീരുമാനമായിരുന്നുവെന്നും ഇന്ത്യയുടെ വിജയത്തിന് ഇത് പ്രധാന ഘടകമായെന്നുമാണ് ബംഗ്ലാദേശ് ആരാധകരുടെ അഭിപ്രായം. ദാസ് അപ്പോൾ പുറത്താകാതെയിരുന്നുവെങ്കിൽ ബംഗ്ലാദേശിന്റെ സ്കോർ 250 ൽ കടക്കുമായിരുന്നുവെന്നും ആരാധകർ വാദിക്കുന്നു.
ഫൈനലിൽ ഇന്ത്യയോടേറ്റ തോൽവിക്ക് പ്രതികാരമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് അരിശം തീർത്തിരിക്കുകയാണ് ചില ബംഗ്ലാദേശ് ആരാധകർ. ധോണി സ്റ്റമ്പ് ചെയ്യുന്ന ചിത്രവും ഒപ്പം ഐസിസിക്ക് മുന്നറിയിപ്പ് നൽകുന്ന ഒരു കുറിപ്പുമാണ് വെബ്സൈറ്റ് പേജിൽ ഹാക്കർമാർ പോസ്റ്റ് ചെയ്തത്.
”ദാസിന്റെ വിക്കറ്റ് ശരിയാണോ എന്നു ഐസിസി പറയണം. തെറ്റായ തീരുമാനത്തിൽ ലോകത്തോട് മാപ്പ് പറയണം. സ്റ്റമ്പിങ് ശരിവച്ച അമ്പയറിനെതിരെ നടപടിയെടുക്കണം. അല്ലെങ്കിൽ വെബ്സൈറ്റ് റിക്കവർ ചെയ്യുന്ന ഉടൻതന്നെ വീണ്ടും ഹാക്ക് ചെയ്യും”, ഇതാണ് ഹാക്കർമാരുടെ മുന്നറിയിപ്പ്. തങ്ങളുടെ പ്രവൃത്തി ഇന്ത്യക്കാരോടുളള അനാദരവല്ലെന്നും തങ്ങളുടെ ടീമിനോട് കാണിച്ച അനീതിക്കെതിരെയുളള മറുപടിയാണെന്നും ഹാക്കർമാർ പറഞ്ഞിട്ടുണ്ട്.
സൈബർ സെക്യൂരിറ്റി ആന്റ് ഇന്റലിജൻസ് (സിഎസ്ഐ) എന്ന ഗ്രൂപ്പാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്നാണ് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെബ്സൈറ്റ് ഇപ്പോൾ റിക്കവർ ചെയ്തിട്ടുണ്ട്.