ദുബായ്: 2011 ലോകകപ്പിന്റെ ഫൈനലിലില്‍ ശ്രീലങ്കയെ നേരിടാന്‍ ഇറങ്ങുമ്പോള്‍ ഇന്ത്യയെ പേടിപ്പെടുത്തിയിരുന്നത് ലസിത് മലിംഗയെന്ന ചുരുളന്‍ മുടിക്കാരനായിരുന്നു. ലങ്കന്‍ പേസിന്റെ കുന്തമുനയായ മലിംഗയുടെ യോര്‍ക്കറുകള്‍ മുന്‍ നിര താരങ്ങളുടെ പോലും ഉറക്കം കെടുത്തിയിട്ടുണ്ടാകും. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റേയും കുന്ത മുനയായിരുന്നു മലിംഗ.
സ്വപ്ന തുല്യമായൊരു കരിയറിന് പക്ഷെ പിന്നീട് പതിയെ താളം നഷ്ടപ്പെട്ടു. പതിയെ ടീമില്‍ നിന്നും പുറത്തായി. ഇതോടെ മലിംഗയെ കട്ട ലങ്കന്‍ ആരാധകര്‍ പോലും മറന്നു തുടങ്ങി. മലിംഗ വിരമിക്കാന്‍ ഒരുങ്ങുന്നു എന്നു വരെ വാര്‍ത്തകള്‍ കേട്ടു തുടങ്ങി. എന്നാലിപ്പോഴിതാ തന്റെ ആയുധങ്ങള്‍ക്ക് ഇപ്പോഴും മൂര്‍ച്ച നഷ്ടമായിട്ടില്ലെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് മലിംഗ മടങ്ങി വന്നിരിക്കുകയാണ്.
ഒരു വര്‍ഷവും നാല് മാസവും നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീലങ്കന്‍ ടീമിലേക്ക് മടങ്ങിയെത്തിയ മലിംഗ തന്റെ തിരിച്ചു വരവ് മനോഹരമാക്കിയിരിക്കുകയാണ്. ആദ്യ ഓവറില്‍ തന്നെ രണ്ട് ബംഗ്ലാദേശ് താരങ്ങളെ കൂടാരം കയറ്റിയാണ് മലിംഗ തിരിച്ചു വരവ് ഗംഭീരമാക്കിയിരിക്കുന്നത്. രണ്ട് റണ്‍സെടുക്കും മുമ്പു തന്നെ ബംഗ്ലാദേശിനെ ഞെട്ടിച്ചിരിക്കുകയാണ് മലിംഗ. ഒന്നാം ഓവറിന്റെ അവസാന രണ്ട് പന്തിലായിരുന്നു മലിംഗ വിക്കറ്റുകള്‍ നേടിയത്. തൊട്ട് പിന്നാലെ അടുത്ത ഓവറില്‍ മൂന്നാം വിക്കറ്റ് നേടാനുള്ള അവസരം ലഭിച്ചെങ്കിലും ഫീല്‍ഡര്‍ പന്തു കൈവിട്ടതോടെ ആ മോഹം അകന്നു പോയി.
ലിറ്റന്‍ ദാസിനേയും ഷാക്കിബ് അല്‍ ഹസനേയുമാണ് മലിംഗ പുറത്താക്കിയത്. രണ്ടു പേരും അക്കൗണ്ടൊന്നും തുറക്കാതെയാണ് മടങ്ങിയത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ബംഗ്ലാദേശ് രണ്ടിന് 36 എന്ന നിലയിലാണ്. മുഹമ്മദ് മിഥുനും മുഷ്ഫിഖൂര്‍ റഹീമുമാണ് ക്രീസിലുള്ളത്. മലിംഗ ഫോമിലെത്തിയതോടെ ഏഷ്യാ കപ്പ് നേടാനുള്ള ലങ്കയുടെ മോഹങ്ങള്‍ക്കും ചിറകു ലഭിച്ചിരിക്കുകയാണ്.
13 തവണ ഏഷ്യാ കപ്പ് നടന്നപ്പോള്‍ അതില്‍ ആറ് വട്ടവും ചാമ്പ്യന്മാരായ ഇന്ത്യയാണ് മുന്നിലുള്ളത്. 2016 ലായിരുന്ന അവസാനമായി നടന്നത്. അന്ന് ട്വന്റി-20 ഫോര്‍മാറ്റിലായിരുന്നു നടത്തിയത്. സെപ്തംബര്‍ പതിനെട്ടിന് ഹോങ്കോങ്ങാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍. തൊട്ടടുത്ത ദിവസം തന്നെ പാകിസ്ഥാനേയും നേരിടും.