ചിറ്റഗോങ്: ടെസ്റ്റ് മത്സരങ്ങളിൽ മണിക്കൂറുകളോളം ബാറ്റ് ചെയ്യുന്നവരുടെ ആരോഗ്യനില എന്താവുമെന്ന് ചിന്തിച്ചിട്ടുണ്ടോ? 300​ ഉം, 400 ഉം പന്തുകൾ നേരിട്ട താരങ്ങൾ ക്ഷീണിതരായി നാം കണ്ടിട്ടുണ്ട്. എന്നാൽ 113 പന്തുകൾ നേരിട്ട ഒരു താരത്തിന് സംഭവിച്ചതറിഞ്ഞാൽ ചിലപ്പോൾ നമ്മൾ കണ്ണ് മിഴിച്ചേക്കാം.

ബംഗ്ലാദേശ്, ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് ഈ അപൂർവ്വ സംഭവം നടന്നത്. ഓസ്ട്രേലിയക്കായി നാലാമനായി ബാറ്റിങ്ങിന് എത്തിയ പീറ്റർ ഹാൻസ്കോംമ്പിനാണ് ഈ ദുരനുഭവം നേരിടേണ്ടിവന്നത്. ബംഗ്ലാദേശിലെ കടുത്ത ചൂടാണ് ഹാൻസ്കോംമ്പിനെ തളർത്തിയത്. ഡേവിഡ് വാർണ്ണർക്കൊപ്പം പൊരുതിക്കളിച്ച ഹാൻസ്കോംമ്പിനെ കടുത്ത ക്ഷീണിതനായിരുന്നു.

ബാറ്റിങ്ങിനിടയ്ക്ക് ഛർദ്ദിക്കുകയും ചെയ്തു ഹാൻസ്കോംമ്പ്. 113 പന്ത് നേരിട്ട ഹാൻസ്കോംമ്പ് 69 റൺസാണ് ഇന്നലെ നേടിയത്. ശരീരത്തിലെ ജലാംശം കുറഞ്ഞ് പോയതാണ് ഹാൻസ്കോംമ്പിന് വിനയായത്. മത്സരത്തിന് ശേഷം താരത്തെ ടീം ഡോക്ടർ പരിശോധിച്ചപ്പോൾ ഏവരും ഞെട്ടി. ഒറ്റ ദിനംകൊണ്ട് 4.5 കിലോയാണ് ഹാൻസ്കോംമ്പിന്റെ കുറഞ്ഞത്.

എന്തായാലും ഹാൻസ്കോംമ്പിന്റെ ധീരമായ ബാറ്റിങ്ങ് ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയക്ക് ഒന്നാം ഇന്നിങ്ങ്സ് ലീഡ് സമ്മാനിച്ചു. 82 റൺസ് എടുത്താണ് താരം പുറത്തായത്. സെഞ്ചുറി നേടിയ ഡേവിഡ് വാർണ്ണർക്കൊപ്പം മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ