scorecardresearch
Latest News

സെമിസാധ്യത സജീവമാക്കി ബംഗ്ലാദേശിന് മൂന്നാം ജയം; അഫ്ഗാനെ പരാജയപ്പെടുത്തിയത് 62 റൺസിന്

അർധസെഞ്ചുറിക്ക് പിന്നാലെ അഞ്ച് വിക്കറ്റും വീഴ്ത്തിയ ഷാക്കിബ് അൽ ഹസനാണ് ബംഗ്ലാദേശിന്റെ വിജയശിൽപ്പി

Bangladesh vs Afghanistan, ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ, World Cup Ban vs Afg Live Score, ലെെവ് ന്യൂസ് ലോകകപ്പ് ക്രിക്കറ്റ്, IE Malayalam, ഐഇ മലയാളം

സതാംപ്ടണ്‍: ഷാക്കിബ് അൽ ഹസൻ എന്ന ഓൾറൗണ്ടറുടെ നിറഞ്ഞാട്ടത്തിൽ അഫ്ഗാനെതിരെ ബംഗ്ലാദേശിന് 62 റൺസ് ജയം. ബംഗ്ലാദേശ് ഉയർത്തിയ 263 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാൻ പോരാട്ടം 200ൽ അവസാനിച്ചു. മറികടക്കാവുന്ന വിജയലക്ഷ്യം ആയിരുന്നിട്ടുകൂടി 47 ഓവറിൽ എല്ലാ താരങ്ങളും കൂടാരം കയറിയതാണ് അഫ്ഗാന് തിരിച്ചടിയായത്. അർധസെഞ്ചുറിക്ക് പിന്നാലെ അഞ്ച് വിക്കറ്റും വീഴ്ത്തിയ ഷാക്കിബ് അൽ ഹസനാണ് ബംഗ്ലാദേശിന്റെ വിജയശിൽപ്പി.

മറുപടി ബാറ്റിങ്ങിൽ ഭേദപ്പെട്ട തുടക്കം ലഭിച്ച അഫ്ഗാനിസ്ഥാന് സ്കോറിങ്ങിൽ സ്ഥിരത പുലർത്താൻ സാധിച്ചില്ല. ടീം സ്കോർ 49ൽ നിൽക്കെ ഓപ്പണർ റഹ്മത്തിനെ വീഴ്ത്തി ഷാക്കിബ് തന്നെയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പിന്നാലെ വന്ന ഹഷ്മത്തുള്ള ഷാഹിദി കാര്യമായ സംഭാവന നൽകാതെ മടങ്ങിയപ്പോഴും ക്രീസിൽ നിലയുറപ്പിച്ച നായകൻ ഗുൽബാദിൻ നയ്ബ് അഫ്ഗാന്റെ വിജയപ്രതീക്ഷകൾക്ക് താങ്ങായി.

എന്നാൽ അർധസെഞ്ചുറിക്ക് മൂന്ന് റൺസ് അകലെ ഗുൽബാദിനെ ഷാക്കിബ് ലിറ്റൺ ദാസിന്റെ കൈകളിൽ എത്തിച്ചു. അസ്ഗർ അഫ്ഗാനും മുഹമ്മദ് നബിയും അതിവേഗം കൂടാരം കയറി. വാലറ്റം ചീട്ടുകൊട്ടാരം പോലെ തകരുകയും ചെയ്തതോടെ അഫ്ഗാന് ലോകകപ്പിലെ ഏഴാം തോൽവി. അവസാന വിക്കറ്റ് വീഴും വരെയും സമിയുള്ള പൊരുതി നോക്കിയെങ്കിലും വിക്കറ്റുംകൾ വീഴുന്നിടത്ത് വിജയത്തിലേക്ക് നീങ്ങാൻ അയാളുടെ ഒറ്റയാൾ പോരാട്ടം മതിയാകുമായിരുന്നില്ല.

നേരത്തെ ഷാക്കിബ് അൽ ഹസന്റെയും മുഷ്ഫിഖൂർ റഹ്മാന്റെയും രക്ഷാപ്രവർത്തനത്തിൽ അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോറിലെത്തിയത്. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് 262 റൺസ് സ്വന്തമാക്കിയത്.

ആശ്വാസം ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാനെതിരെ സെമി സാധ്യത നിലനിർത്താനിറങ്ങിയ ബംഗ്ലാദേശിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. എന്നാൽ തുടക്കം മുതൽ മികച്ച ബോളിങ് പ്രകടനവുമായി കളം നിറഞ്ഞ അഫ്ഗാൻ ബോളർമാർ ബംഗ്ലാദേശിനെ കൂറ്റനടികളിൽ നിന്ന് തടഞ്ഞു. ടീം സ്കോർ 23ൽ എത്തിയപ്പോഴേക്കും ഓപ്പണർ ലിറ്റൺ ദാസിനെ ബംഗ്ലാദേശിന് നഷ്ടമായി. ക്രീസിൽ നിലയുറപ്പിക്കുന്നതിനിടയിൽ തമീം ഇക്ബാലും മടങ്ങി. 36 റൺസെടുത്ത തമീം ഇക്ബാലിനെ മുഹമ്മദ് നബിയാണ് പുറത്താക്കിയത്.

മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഷാക്കിബ് അൽ ഹസൻ – മുഷ്ഫിഖൂർ റഹ്മാൻ സഖ്യമാണ് ബംഗ്ലാദേശ് സ്കോറിങ്ങിന് പിന്നീട് കരുത്ത് പകർന്നത്. ബോളിങ് പിച്ചിൽ ശ്രദ്ധാപൂർവ്വം ബാറ്റ് വീശിയ ഇരുവരും അർധസെഞ്ചുറി തികച്ച് മുന്നേറി. കൂട്ടത്തിൽ ഷാക്കിബ് തന്നെയായിരുന്നു മുന്നിട്ട് നിന്നത്. ഈ ലോകകപ്പിലെ തന്റെ മൂന്നാം അർധസെഞ്ചുറിയും തികച്ച ശേഷമാണ് കളം വിട്ടത്. 69 പന്തിൽ 51 റൺസെടുത്ത ഷാക്കിബിനെ മുജീബ് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.

അഫ്ഗാനിസ്ഥാനെതിരായ നിർണായക മത്സരത്തിൽ ബംഗ്ലാദേശ് താരം മറ്റൊരു അപൂർവ്വ റെക്കോർഡിന് കൂടി ഉടമയായി. ലോകകപ്പിൽ 1000 റൺസ് തികയ്ക്കുന്ന ഏക താരമായാണ് ഷാക്കിബ് മാറിയത്. മത്സരത്തിൽ അർധസെഞ്ചുറി നേടിയ ഷാക്കിബ് ഡേവിഡ് വാർണറെ മറികടന്ന് ടൂർണമെന്റിലെ റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. ലോകകപ്പിൽ 1000 റൺസ് തികയ്ക്കുന്ന 19മത്തെ താരമാണ് ഷാക്കിബ് അൽ ഹസൻ.

പിന്നീട് ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്ത മുഷ്ഫിഖുർ റഹിം സ്കോറിങ്ങിന്റെ വേഗത കൂട്ടുകയും ചെയ്തു. സൗമ്യ സർക്കാർ അതിവേഗം മടങ്ങിയെങ്കിലും മഹമ്മദുള്ളയും മുസദ്ദേക്ക് ഹൊസൈനും മുഷ്ഫീഖറിന് മികച്ച പിന്തുണ നൽകി. എന്നാൽ 49-ാം ഓവറിന്റെ മൂന്നാം പന്തിൽ റഹീമിനെ സദ്രാൻ മുഹമ്മദ് നബിയുടെ കൈകളിൽ എത്തിച്ചു. 87 പന്തുകളിൽ നിന്ന് 83 റൺസാണ് മുഷ്ഫിഖൂർ റഹ്മാൻ സ്വന്തമാക്കിയത്. അവസാന പന്തിൽ മൊസദ്ദേക്കും പുറത്തായെങ്കിലും ബംഗ്ലാദേശ് പ്രതിരോധിക്കാവുന്ന സ്കോറിലെത്തിയിരുന്നു.

അഫ്ഗാനിസ്ഥാന് വേണ്ടി മുജീബ് ഉർ റഹ്മാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. നായകൻ ഗുൽബാദിൻ നയ്ബ് രണ്ടും, മുഹമ്മദ് നബി സദ്രാൻ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Bangladesh vs afghanistan icc cricket world cup 2019 live score ban v s afg live updates