ദുബൈ: ഏഷ്യാ കപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് ഭേദപ്പെട്ട സ്കോർ. അവസാന ഓവറുകളിൽ വീശിയടിച്ച റാഷിദ് ഖാന്റെ ബാറ്റിങ് മികവിലാണ് അഫ്ഗാനിസ്ഥാൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 255 റൺസ് നേടിയത്.
33 പന്ത് നേരിട്ട റാഷിദ് ഖാൻ എട്ട് ഫോറും ഒരു സിക്സും അടക്കം 57 റൺസ് നേടി പുറത്താകാതെ നിന്നു. മൊർതാസ എറിഞ്ഞ അവസാന ഓവറിൽ അഫ്ഗാനിസ്ഥാൻ അടിച്ചുകൂട്ടിയ 19 ൽ 18 റൺസും റാഷിദ് ഖാന്റേത് ആയിരുന്നു. ഇതിൽ നാല് പന്തും ബൗണ്ടറി കടത്തിയ റാഷിദ് ഖാൻ അഫ്ഗാനിസ്ഥാന്റെ ആത്മവിശ്വാസവും വർദ്ധിപ്പിച്ചു.
മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആക്രമിച്ച് കളിക്കാൻ ശ്രമിച്ച ഇഹ്സാനുളള (4 പന്തിൽ 8) അബു ഹൈദറിന്റെ പന്തിൽ മുഹമ്മദ് മിഥുന് ക്യാച്ച് നൽകി മടങ്ങി. പിന്നീട് വന്ന റഹ്മത്ത് ഷാ (10) അബു ഹൈദറിന്റെ പന്തിൽ തന്നെ ക്ലീൻ ബൗൾഡായി.
എന്നാൽ മൂന്നാം വിക്കറ്റിൽ ഹഷ്മത്തുളള ഷാഹിദി എത്തിയതോടെ അഫ്ഗാൻ നിലയുറപ്പിച്ചു. 47 പന്തിൽ 37 റൺസ് നേടിയ ഷഹ്സാദിന്റെ വിക്കറ്റാണ് പിന്നീടവർക്ക് നഷ്ടമായത്. എന്നാൽ ഷാഹിദി 92 പന്ത് നേരിട്ട് 58 റൺസെടുത്തു.
ക്യാപ്റ്റൻ അസ്ഗർ അഫ്ഗാന് കാര്യമായൊന്നും ചെയ്യാനായില്ല. എട്ട് റൺസായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ഷെൻവാരി (18), മുഹമ്മദ് നബി (10) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്മാന്മാർ. അപരാജിതമായ എട്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ റാഷിദ് ഖാനും ദുൽദാബിൻ നായിബും (38 പന്തിൽ 42 ) ചേർന്നാണ് അഫ്ഗാന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.