ക്രിക്കറ്റിലെ വൻതോക്കായ ഓസ്ട്രേലിയയെ മുട്ടുകുത്തിച്ച് ബംഗ്ലാദേശ്. ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കി ബംഗ്ലാദേശ് ചരിത്രമെഴുതി. 20 റണ്‍സിനാണ് ഓസ്ട്രേലിയയെ ബംഗ്ലാദേശ് തകര്‍ത്തത്. ബാറ്റു കൊണ്ടും പന്തുകൊണ്ടും തകർപ്പൻ പ്രകടനം പുറത്തെടുത്ത ഷക്കീബ് അൽ ഹസനാണ് ബംഗ്ലാദേശിന്രെ വിജയ ശിൽപ്പി.

രണ്ടാം ഇന്നിങ്സില്‍ 265 റണ്‍സ് വിജയലക്ഷ്യം മുന്‍ നിര്‍ത്തി ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 244 റണ്‍സിന് ബംഗ്ലാദേശ് ഓള്‍ഔട്ടാക്കുകയായിരുന്നു. 5 വിക്കറ്റ് എടുത്ത ഷക്കീബ് അൽ ഹസനും, മെഹദി ഹസനുമാണ് ഓസ്ട്രേലിയയെ തകർത്തത്. നേരത്തെ ഡേവിഡ് വാർണറുടെ തകർപ്പൻ പ്രകടനം ഓസ്ട്രേലിയക്ക് അനായാസം ജയം നൽകുമെന്ന് തോന്നിപ്പിച്ചു. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ വാർണർ 135 പന്തിൽ നിന്ന് 112 റൺസാണ് നേടിയത്. 37 റൺസ് എടുത്ത നായകൻ സ്റ്റീഫൻ സ്മിത്തും വാർണറിന് മികച്ച പിന്തുണ നൽകി.

എന്നാൽ വാർണറേയും, സ്മിത്തിനേയും മടക്കി ഷക്കീബ് അൽഹസൻ ഓസീസീനെ പ്രതിസന്ധിയിലാക്കി. പിന്നീട് ക്രീസിൽ എത്തിയ മാക്സ്‌വെല്ലിനും (14), ഹാൻസ്കോമ്പിനും(15) കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. വാലറ്റത്ത് 33 റൺസ് എടുത്ത പാറ്റ് കമ്മിൻസാണ് ഓസ്ട്രേലിയയുടെ പരാജയ ഭാരം കുറച്ചത്.

ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ബംഗ്ലാദേശ് ഓസ്‌ട്രേലിയെ തറപറ്റിക്കുന്നത്. നേരത്തെ ഒന്നാം ഇന്നിങ്സിലും 43 റണ്‍സിന്റെ ലീഡ് ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു. ബാറ്റു കൊണ്ടും, പന്തുകൊണ്ടും തകർപ്പൻ പ്രകടനം പുറത്തെടുത്ത ഷക്കീബ് അൽ ഹസനാണ് കളിയിലെ താരം. പരമ്പരയിലെ രണ്ടാം ടെസ്റ്റ് സെപ്റ്റംബർ 4ന് ചിറ്റഗോങ്ങിൽ നടക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ