കൊളംബോ: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ തങ്ങളുടെ നൂറാം മത്സരത്തിന് ഇറങ്ങിയ ബംഗ്ലാദേശിന് ചരിത്ര വിജയം. കരുത്തരായ ശ്രീലങ്കയെ അവരുടെ മണ്ണിൽവെച്ച് തന്നെയാണ് ബംഗ്ലാ കടുവകൾ വിജയം ആഘോഷിച്ചത്. കൊളംബോയിൽ ശ്രീലങ്ക​ ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം ബംഗ്ലാദേശ് 4 വിക്കറ്റ് ശേഷിക്കെ മറികടക്കുകയായിരുന്നു.

ആദ്യ ടെസ്റ്റിൽ ലങ്കയോട് തോറ്റ ബംഗ്ലാദേശ് രണ്ടാം മത്സരത്തിൽ ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. ആദ്യ​ ഇന്നിങ്ങ്സിൽ 338 റൺസ് നേടിയ ലങ്കയ്ക്ക് എതിരെ 467 റൺസ് നേടിയായിരുന്നു ബംഗ്ലാദേശിന്റെ മറുപടി. 116 റൺസ് നേടിയ ഷക്കീബ് അൽ ഹസനാണ് ബംഗ്ലാദേശിന് ആദ്യ ഇന്നിങ്ങ്സിൽ 129 റൺസിന്റെ ലീഡ് സമ്മാനിച്ചത്.

രണ്ടാം ഇന്നിങ്ങ്സിൽ ശ്രീലങ്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത് , 116 റൺസ് നേടി ഓപ്പണർ കരുണ രത്ന ബംഗ്ലാദേശ് ലീഡ് മറികടക്കാൻ ശ്രീലങ്കയെ സഹായിച്ചു. എന്നാൽ ലങ്കയുടെ മധ്യനിര തകർന്നു. 4 വിക്കറ്റ് വീഴ്ത്തിയ ഷക്കീബ് അൽ ഹസനാണ് ലങ്കയെ തകർത്തത്. എന്നാൽ വാലറ്റക്കാരനായ ഡിൽറുവൻ പെരേരയും, സുരങ്ക ലക്മലും ലങ്കയെ കാത്തു. 50 റൺസ് നേടി പെരേരയും 42 റൺസ് നേടി ലക്മലും ബംഗ്ലാദേശിന് 191 റൺസിന്റെ വിജയലക്ഷ്യം സമ്മാനിച്ചു.

191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് തുടക്കത്തിൽ തന്നെ സൗമ്യ സർക്കാരിനേയും(10), ഇമ്രുൾ കെയ്സിനേയും (0) നഷ്ടപ്പെട്ടു. എന്നാൽ ഓപ്പണർ തമീം ഇക്ബാലും സാബിർ റഹ്മാനും ആക്രമിച്ചു കളിച്ചു. 109 റൺസിന്റെ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ നേടിയത്. 82 റൺസാണ് തമീം ഇക്ബാൽ നേടിയത്, 41റൺസാണ് സാബിർ റഹ്മാന്റെ സംഭാവന. ഇരുവരും മടങ്ങിയപ്പോൾ ബംഗ്ലാദേശ് തകരുമെന്ന് തോന്നിപ്പിച്ചു. എന്നാൽ നായകൻ മുഷ്ഫികർ റഹീം ബംഗ്ലാദേശിനെ ചരിത്ര വിജയത്തിലേക്ക് നയിച്ചു. 22 റൺസ് എടുത്ത റഹീമാണ് ബംഗ്ലാദേശിന്റെ വിജയ റൺ നേടിയത്.

ജയത്തോടെ 2 മത്സരങ്ങളുടെ പരമ്പര ബംഗ്ലാദേശ് സമനിലയിലാക്കി. തമീം ഇക്ബാലാണ് കളിയിലെ താരം . ഓൾറൗണ്ടർ ഷക്കീബ് അൽഹസനാണ് പരമ്പരയിലെ താരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ