ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ സമരത്തില്‍. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് മുന്നില്‍ 11 ആവശ്യങ്ങള്‍ മുന്നോട്ടുവച്ചാണ് താരങ്ങളുടെ സമരം. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ ക്രിക്കറ്റ് കളിക്കുകയോ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു ഇടപാടിനും തയ്യാറാകുകയോ ചെയ്യില്ലെന്നാണ് താരങ്ങള്‍ പറയുന്നത്. ഇതോടെ അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയും ആശങ്കയിലായിരിക്കുകയാണ്.

മുതിര്‍ന്ന താരങ്ങളായ ഷാക്കിബ് അല്‍ ഹസന്‍, തമീം ഇക്ബാല്‍ തുടങ്ങിയവരാണ് മിര്‍പൂരിലെ അക്കാദമി ഗ്രൗണ്ടില്‍ നടന്ന പത്രസമ്മേളനത്തില്‍ സമരപ്രഖ്യാപനം നടത്തിയത്. മുഷ്ഫിഖൂര്‍ റഹീം, മഹമ്മദുള്ള റിയാദ്, മെഹ്ദി ഹസന്‍, അറാഫത് സണ്ണി, ജുനൈദ് സിദ്ദിഖീ, തസ്‌കിന്‍ അഹമ്മദ് തുടങ്ങിയ താരങ്ങളും പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി താരങ്ങള്‍ അറിയിച്ചു.

നാഷണല്‍ താരങ്ങള്‍ക്ക് പുറമെ ആഭ്യന്തര ക്രിക്കറ്റിലെ താരങ്ങളും സമരത്തിനുണ്ട്. പ്രധാനമായും ശമ്പളത്തിലെ വേര്‍തിരിവാണ് സമരത്തിന് കാരണമായത്. ലിസ്റ്റ് എ ടൂര്‍ണമെന്റായ ധാക്ക പ്രീമിയര്‍ ലീഗിലേയും ബംഗ്ലാദേശ് പ്രീമിയല്‍ ലീഗിലേയും ശമ്പള വിതരണത്തിലെ വേര്‍തിരിവാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലെ മാച്ച് ഫീ വര്‍ധിപ്പിക്കാത്തതും താരങ്ങളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

പ്രാദേശിക താരങ്ങള്‍ക്കും വിദേശ താരങ്ങള്‍ക്കും ഒരേ പോലെ വേതനം നല്‍കണമെന്നും താരങ്ങള്‍ ആവശ്യപ്പെടുന്നു. അതേസമയം, താരങ്ങള്‍ ഔദ്യോഗികമായി തങ്ങളെ വിവരം അറിയിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ നിസാമുദ്ദീന്‍ ചൗധരി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook