കോലാലംപൂര്‍: ഇന്ത്യയുടെ അപരാജതി കുതിപ്പിന് കടിഞ്ഞാണിട്ട് ബംഗ്ലാദേശ് വനിതകള്‍. ഏഷ്യാ കപ്പ് ട്വന്റി-20യില്‍ അവസാന പന്ത് വരെ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവില്‍ ഇന്ത്യയെ തകര്‍ത്ത് ബംഗ്ലാദേശിന് കിരീടം. ഇന്ത്യയുടെ 112 റണ്‍സ് മൂന്ന് വിക്കറ്റ് ബാക്കി നില്‍ക്കെ ബംഗ്ലാദേശ് മറികടക്കുകയായിരുന്നു.

ചെറിയ സ്‌കോറായിരുന്നിട്ടും അവസാന പന്ത് വരെ നീണ്ട മത്സരം വീറും വാശിയും നിറഞ്ഞതായിരുന്നു. ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് എറിഞ്ഞ അവസാന ഓവറില്‍ ബംഗ്ലാദേശിന് വേണ്ടിയിരുന്നത് ഒമ്പത് റണ്‍സായിരുന്നു. അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് എന്ന നിലയിലെത്തിയപ്പോള്‍ ഇന്ത്യയുടെ ഭാഗത്തു നിന്നും സംഭവിച്ച ഫീല്‍ഡിംഗ് പിഴവാണ് ബംഗ്ലാദേശിന് കിരീടം സമ്മാനിച്ചത്.

ആറ് വട്ടം ചാമ്പ്യരായ ഇന്ത്യയെ ബംഗ്ലാദേശ് പരാജയപ്പെടുത്തിയത്. വനിത ഏഷ്യാ കപ്പ് തുടങ്ങിയതു മുതല്‍ ഇന്ത്യ തന്നെയാണ് കിരീട ജേതാക്കളായിട്ടുള്ളത്. ഈ അപരാജിത കുതിപ്പിനാണ് ബംഗ്ലാദേശ് വനിതകള്‍ അവസാനമിട്ടിരിക്കുന്നത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ മിതാലി രാജിനേയും സ്മൃതി മന്ദാനയും നേരത്തെ തന്നെ നഷ്ടമായി. നായിക ഹർമന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ 112 എന്ന സ്‌കോറിലെത്തിച്ചത്. ഹര്‍മന്‍ 56 റണ്‍സെടുത്താണ് പുറത്തായത്. ബംഗ്ലാദേശിനായി റുമാന അഹ്മദും ഖദീജ തുല്‍ കുബ്രയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിന് മികച്ച തുടക്കം ലഭിച്ചെങ്കിലും പതിയെ ഇന്ത്യന്‍ ബൗളര്‍മാര്‍ കളി വരുതിയിലാക്കുകയായിരുന്നു. റുമാനയും നിഗര്‍ സുല്‍ത്താനയുമാണ് ബംഗ്ലാദേശിനെ വിജയത്തിലേക്ക് അടുപ്പിച്ചത്. ഇന്ത്യയ്ക്കായി പൂനം യാദവ് നാല് വിക്കറ്റ് വീഴ്ത്തിയെങ്കിലും ഫലം മാറ്റിമറിക്കാന്‍ സാധിച്ചില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ