ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പുരസ്കാരങ്ങളിൽ ഒന്നായ ബാലൻ ഡി ഓർ ഇക്കൊല്ലം ആർക്കെന്ന് നാളെ അറിയാം. ലോകകപ്പ് വർഷമായതിനാൽ തന്നെ ഏറെ ആകാംക്ഷയോടെയാണ് ഫുട്ബോൾ ആരാധകർ പുരസ്കാര പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. ആദ്യമായി മികച്ച വനിത താരത്തെയും യുവതാരത്തെയും ഇത്തവണ പുരസ്കാരം നൽകി ആദരിക്കും.

മെസ്സി-റൊണോ തേരോട്ടത്തിന് അന്ത്യം കുറിക്കുന്ന പുരസ്കാര ചടങ്ങാകും ഇത്തവണത്തേത് എന്ന വാദവും ശക്തമാണ്. 2007ൽ കക്ക ബാലൻ ഡി ഓർ നേടിയതിന് ശേഷം മെസ്സിയും റൊണാൾഡോയും മാത്രമാണ് പുരസ്കാരം നേടിയിട്ടുള്ളത്. പത്ത് വർഷത്തിന് ശേഷം ഈ പതിവ് തെറ്റാൻ പോകുന്നുവെന്നാണ് ഫുട്ബോൾ ലോകം വിലയിരുത്തുന്നത്.

ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനൽ വരെ എത്തിക്കുകയും ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ലൂക്ക മോഡ്രിച്ചിനാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. ഫിഫ ബെസ്റ്റ് പ്ലെയറും, യുറോപ്യൻ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരവും നേരത്തെ മോഡ്രിച്ച് കരസ്ഥമാക്കിയിരുന്നു.

മോഡ്രിച്ചിന് പിന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഫ്രാൻസിന്റെ കിരീട നേട്ടത്തിൽ മുഖ്യ പങ്ക് വഹിച്ച ഗ്രീസ്മാനും എംബാപ്പെയുമുണ്ട്. അങ്ങനെയെങ്കിൽ ഒരു പതിറ്റാണ്ടിന് ശേഷം ആദ്യമായി മെസ്സി അവസാന മൂന്നിൽ നിന്ന് പിന്തള്ളപ്പെടും. മുഹമ്മദ് സല, ഹാരി കെയ്ൻ, പോഗ്ബ എന്നീ താരങ്ങളും അന്തിമ പട്ടികയിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ