2021ലെ ബാലൻ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി പിഎസ്ജി – അർജന്റീന താരം ലയണൽ മെസി. ഏഴാം തവണയാണ് മെസി പുരസ്കാരത്തിൽ മുത്തമിടുന്നത്. ഏറ്റവും കൂടുതൽ തവണ ബാലൻ ഡി ഓർ നേടുന്ന താരമെന്ന റെക്കോർഡ് മെസിയുടെ പേരിലാണ്. ഇതിനു മുൻപ് 2009, 2010, 2011, 2012, 2015, 2019 എന്നീ വർഷങ്ങളിലാണ് മെസി പുരസ്‌കാരം നേടിയത്. അലക്സിയ പുട്ടെല്ലസ് ആണ് വനിതകളുടെ ബാലൻ ഡി ഓർ ജേതാവ്.
“ഞാൻ ഇന്ന് ഇവിടെ പാരീസിലാണ്. ഞാൻ വളരെ സന്തോഷവാനാണ്, ശരിക്കും വളരെ സന്തോഷവാനാണ്, എന്റെ പോരാട്ടം തുടരാനും പുതിയ ലക്ഷ്യങ്ങളിൽ എത്തിച്ചേരാനും ഞാൻ ആഗ്രഹിക്കുന്നു. ഇനിയും എത്ര വർഷമുണ്ടെന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ ഇത് ശരിക്കും ആസ്വദിക്കുകയാണ്. ബാഴ്‌സ, പാരിസ്, അർജന്റീന ടീമുകളിലെ എന്റെ സഹതാരങ്ങൾക്ക് ഞാൻ നന്ദി പറയുന്നു,” പുരസ്‌കാരം സ്വീകരിച്ച ശേഷം മെസ്സി പറഞ്ഞു.
നാല് പ്രധാന ടൂർണമെന്റുകളിലെ തോൽവിക്ക് ശേഷം കഴിഞ്ഞ ജൂലൈയിൽ കോപ്പ അമേരിക്ക കിരീടത്തിലേക്ക് അർജന്റീനയെ നയിച്ചത് 34 കാരനായ മെസിയാണ്.
അവസാനം വരെ പുരസ്‌കാര സാധ്യത കല്പിച്ചിരുന്ന റോബർട്ട് ലെവൻഡോസ്‌കിയെയും മെസി അഭിനന്ദിച്ചു. “റോബർട്ട്, നിങ്ങളും നിങ്ങളുടെ ബാലൺ ഡി ഓറിന് അർഹനാണ്. കഴിഞ്ഞ വർഷം, ഈ അവാർഡ് നിങ്ങളുടേതാണെന്ന് എല്ലാവരും സമ്മതിച്ചിരുന്നു,” മെസി പറഞ്ഞു.
ബാഴ്‌സക്ക് വേണ്ടി 42 മത്സരങ്ങളിൽ നിന്ന് 26 ഗോളുകൾ നേടിയ 27-കാരിയായ പുട്ടെല്ലസിന്റെ ആദ്യ പുരസ്‌കാര നേട്ടമാണിത്. ചെൽസിക്കെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഗോൾ നേടിയ അവർ ഓഗസ്റ്റിൽ യുവേഫയുടെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
2018ൽ നോർവേ സ്‌ട്രൈക്കർ അഡാ ഹെഗർബർഗും 2019ൽ യു.എസ്. ഫോർവേഡ് മേഗൻ റാപിനോയുമാണ് ഇതിനു മുൻപ് അവാർഡ് നേടിയ വനിതകൾ. കോവിഡ് വ്യാപനം കാരണം കഴിഞ്ഞ വർഷം പുരസ്‌കാരം നൽകിയിരുന്നില്ല.
2010ന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ ബാലൺ ഡി ഓറിന്റെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്താതെപോയ വർഷം കൂടിയാണിത്.
ബയേൺ മ്യൂണിക്കിന്റെ റോബർട്ട് ലെവൻഡോവ്‌സ്‌കിയാണ് “സ്‌ട്രൈക്കർ ഓഫ് ദ ഇയർ”. ഇറ്റലിയുടെ സ്റ്റോപ്പർ ജിയാൻലൂജി ഡോണാരുമ്മ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി ബാഴ്‌സലോണയുടെ പെഡ്രിക്കും നേടി. ചെൽസിയാണ് മികച്ച ക്ലബ്.
Also Read: Ballon d’Or 2021: ഫുട്ബോള്‍ രാജാവിനെ കാത്ത് കായിക ലോകം; ബാലണ്‍ ദി ഓര്‍ പുരസ്കാരം ഇന്ന്