പന്ത് ചുരണ്ടൽ വിവാദത്തിൽപെട്ട ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ കൈവിട്ട് ആരാധകരും. ജോഹന്നാസ്ബർഗ് വിമാനത്താവളത്തിലെത്തിയ സ്മിത്തിനെ ചതിയൻ എന്നു വിളിച്ചാണ് ആരാധകർ സ്വീകരിച്ചത്. ആരാധകരുടെ ഉച്ചത്തിലുളള വിളി കേട്ട് വികാരാധീനനായ സ്മിത്ത് ഒന്നും മിണ്ടാതെ നടന്നുപോയി.

സിഡ്നിയിലെ പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് സ്മിത്ത് എത്തിയത്. താരം വരുന്നതറിഞ്ഞ് നിരവധി പേർ വിമാനത്താവളത്തിൽ എത്തിയിരുന്നു. സ്മിത്തിനെ കണ്ടയുടൻ അവരെല്ലാം ചതിയൻ ചതിയൻ എന്നു ഉച്ചത്തിൽ വിളിക്കുകയായിരുന്നു. കനത്ത സുരക്ഷയാണ് വിമാനത്താവളത്തിൽ സ്മിത്തിന് ഒരുക്കിയിരുന്നത്.

പന്ത് ചുരണ്ടൽ വിവാദത്തിൽ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മത്തിനും ഉപനായകൻ ഡേവിഡ് വാർണറിനും ക്രിക്കറ്റ് ഓസ്ട്രേലിയ ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിവാദത്തിൽ ഉൾപ്പെട്ട കാമറൂൺ ബാൻകോഫ്റ്റിന് 9 മാസത്തെ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. 2 വർഷത്തേക്ക് സ്മിത്തിനോ വാർണറിനോ ഒരു ടീമിന്റേയും നായക സ്ഥാനം വഹിക്കാൻ കഴിയില്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ നിലപാട് എടുത്തിട്ടുണ്ട്.

സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും ഐപിഎല്ലിലും വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ സീസണിലെ ഐപിഎല്ലിൽ കളിക്കുന്നതിനാണ് ഇരുവർക്കും വിലക്ക് ഏർപ്പെടുത്തിയത്. വിവാദത്തിൽ ഉൾപ്പെട്ട ഇരുവരെയും ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വിലക്ക് ഏർപ്പെടുത്തിയവരെ ഐപിഎല്ലിൽ കളിപ്പിക്കാനാവില്ലെന്ന നിലപാട് ബിസിസിഐ സ്വീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ