മെൽബൺ: പന്തു ചുരണ്ടൽ വിവാദത്തിൽ ശിക്ഷിക്കപ്പെട്ട ഓസീസ് മുൻ ഉപനായകൻ ഡേവിഡ് വാർണർ ക്രിക്കറ്റ് ജീവിതത്തിൽ നിന്ന് പിൻവാങ്ങുന്നുവെന്ന് റിപ്പോർട്ട്. താൻ ചെയ്തത് മാപ്പർഹിക്കാത്ത തെറ്റാണ് എന്ന് പറഞ്ഞ മുൻ ഓസീസ് നായകൻ ഇനി രാജ്യത്തിന് വേണ്ടി കളിക്കാൻ സാധിക്കുമെന്ന് കരുതുന്നില്ലെന്നും പറഞ്ഞു.

ഓസ്ട്രേലിയയിൽ തിരിച്ചെത്തിയ വാർണർ എഴുതി തയ്യാറാക്കിയ പത്രക്കുറിപ്പ് മാധ്യമപ്രവർത്തകർക്ക് മുന്നിൽ വായിച്ചുകേൾപ്പിക്കുകയായിരുന്നു. “ഇനി രാജ്യത്തിന് വേണ്ടി കളിക്കാനാകുമെന്ന വളരെ ചെറിയ പ്രതീക്ഷ മാത്രമേയുളളൂ. ഇനി കളിക്കാനാവില്ലെന്ന യാഥാർത്ഥ്യത്തിലേക്ക് ഞാൻ എത്തി. ഓരോ കളിയിലും രാജ്യത്തിന് കൂടുതൽ അഭിമാനം നേടിയെടുക്കാനാണ് ശ്രമിച്ചത്,” തന്റെ ഭാഗത്ത് നിന്നുണ്ടായ കുറ്റങ്ങൾക്ക് താൻ മാത്രമാണ് ഉത്തരവാദിയെന്ന് വ്യക്തമാക്കി വാർണർ പറഞ്ഞു.

ഇത് നാലാം തവണയാണ് കുറ്റം ഏറ്റുപറഞ്ഞ് വാർണർ മാധ്യമപ്രവർത്തകരെ കാണുന്നത്. നേരത്തേ സ്റ്റീവ് സ്മിത്തും നിറകണ്ണുകളോടെയാണ് പന്തു ചുരണ്ടൽ വിവാദത്തിന് പിന്നാലെ കളത്തിന് പുറത്തേക്ക് പോയത്. എല്ലാ കുറ്റവും തന്റേത് മാത്രമാണെന്നാണ് താരവും പറഞ്ഞിരുന്നത്.

കേപ് ടൗണിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന മൂന്നാം ടെസ്റ്റിനിടെയാണ് സംഭവം ഉണ്ടായത്. മത്സരത്തിനിടെ യുവതാരം ബാൻക്രോഫ്റ്റാണ് സാന്റ്പേപ്പർ കൊണ്ട് പന്ത് ചുരണ്ടിയത്. സംഭവം ക്യാമറയിൽ പതിഞ്ഞതോടെ കോച്ച് ടീമംഗം വഴി ബാൻക്രോഫ്റ്റിനെ ഇക്കാര്യം അറിയിച്ചു.

മത്സരശേഷം നടന്ന പത്രസമ്മേളനത്തിലാണ് തങ്ങൾ കൂടി അറിഞ്ഞാണ് ബാൻക്രോഫ്റ്റ് ഇക്കാര്യം ചെയ്തതെന്ന് സ്റ്റീവ് സ്മിത്ത് പറഞ്ഞത്. ഐസിസി ഒരു മത്സരത്തിൽ നിന്ന് സ്മിത്തിനെയും വാർണറെയും ബാൻക്രോഫ്റ്റിനെയും വിലക്കിയതിന് പിന്നാലെ ക്രിക്കറ്റ് ഓസ്ട്രേലിയ കടുത്ത നടപടിയിലേക്ക് കടന്നു. ഒരു വർഷത്തേക്കാണ് സ്മിത്തിനെയും വാർണറെയും ക്രിക്കറ്റ് ഓസ്ട്രേലിയ പുറത്തിരുത്തിയത്. ബാൻക്രോഫ്റ്റിന് ഒൻപത് മാസത്തെ വിലക്കും ലഭിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook