മെൽബൺ: പന്തു ചുരണ്ടൽ വിവാദത്തില്‍ ഭര്‍ത്താവ് അകപ്പെട്ടതിന്റെ മാനസിക സംഘര്‍ഷത്തില്‍ തന്റെ ഗര്‍ഭം അലസിപ്പോയതായി ഓസീസ് മുൻ ഉപനായകൻ ഡേവിഡ് വാർണറുടെ ഭാര്യയുടെ വെളിപ്പെടുത്തല്‍. ഓസീസ് നായകനായിരുന്ന സ്റ്റീവ് സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷം വിലക്ക് നേരിട്ട പശ്ചാത്തലത്തിലായിരുന്നു ഇത്.
ഒരു ഓസീസ് വീക്കിലിക്ക് നല്കിയ അഭിമുഖത്തിനിടെയാണ് 33കാരിയായ കാന്‍ഡിസ് വാര്‍ണര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ‘ഡേവിനെ ഞാന്‍ കുളിമുറിയിലേക്ക് വിളിച്ചാണ് എനിക്ക് വളരെയധികം രക്തം പോകുന്നതായി പറഞ്ഞത്. ഗര്‍ഭം അലസിപ്പോയതാണെന്ന് അപ്പോഴാണ് മനസ്സിലായത്. ഞങ്ങള്‍ രണ്ടുപേരും അവിടെ ഇരുന്ന് പൊട്ടിക്കരഞ്ഞു’, കാന്‍ഡിസ് പറഞ്ഞു.
‘ഭയാനകമായൊരു ടൂറിന്റെ പര്യവസാനം ഹൃദയം തകര്‍ന്ന് കൊണ്ടായിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷമുളള അധിക്ഷേപം അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. വിവാദം കാരണം അതുപോലൊരു ആഘാതം ഇനി ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകരുതെന്ന് ഞങ്ങള്‍ തീരുമാനിച്ചു’, കാന്‍ഡിസ് പറഞ്ഞു. വിവാദ സംഭവം നടന്ന കേപ്പ് ടൗണില്‍ വച്ച് പരിശോധിച്ചപ്പോഴാണ് താന്‍ മൂന്നാമതും ഗര്‍ഭിണിയാണെന്ന് കാന്‍ഡിസ് തിരിച്ചറിഞ്ഞത്. എന്നാല്‍ ഈ സന്തോഷം ഏറെ നീണ്ടു നിന്നില്ല. ഇതിന് പിന്നാലെയാണ് പന്തു ചുരണ്ടിയതിന് യുവതാരം ബാൻക്രോഫ്റ്റ് പിടിയിലായത്. ഇതിന് ശേഷം നാട്ടിലേക്ക് തിരിച്ച് വരവെ വാര്‍ണറേയും കുടുംബത്തേയും കൂവിക്കൊണ്ടാണ് ജനങ്ങള്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചത്.
വാര്‍ണറുടെ അവസ്ഥ തന്നെ കൊല്ലുകയാണെന്ന് കാന്‍ഡിസ് നേരത്തേ പറഞ്ഞിരുന്നു. ‘ഇത് മുഴുവന്‍ എന്റെ തെറ്റാണെന്ന് എനിക്ക് തോന്നുന്നു, ഇത് എന്നെ ഓരോ നിമിഷവും കൊന്നു കൊണ്ടിരിക്കുകയാണ്’, കാന്‍ഡിസ് പറഞ്ഞു. വാര്‍ണറുടെ പ്രവൃത്തിയെ ന്യായീകരിക്കുകയല്ല താനെന്ന് പറഞ്ഞ കാന്‍ഡിസ് അദ്ദേഹം തന്നേയും കുട്ടികളേയും കഴിവിന്റെ പരമാവധി സംരക്ഷണം നല്‍കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. ‘ഡേവ് മൽസരം കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോള്‍ ഞാന്‍ കരയുന്നതാണ് കണ്ടത്. കുട്ടികള്‍ ഞാന്‍ കരയുന്നത് നോക്കിക്കൊണ്ട് നില്‍ക്കുകയായിരുന്നു. അത് എന്നെ തകര്‍ത്ത് കളഞ്ഞു’, കാന്‍ഡിസ് പറഞ്ഞു.
വാര്‍ണര്‍ക്കും സ്മിത്തിനും ക്രിക്കറ്റ് ഓസ്ട്രേലിയ ഒരു വര്‍ഷമാണ് വിലക്കേര്‍പ്പെടുത്തിയത്. വാര്‍ണര്‍ ക്രിക്കറ്റ് ജീവിതത്തിൽ നിന്ന് പിൻവാങ്ങുന്നുവെന്നാണ് പുതിയ റിപ്പോർട്ട്.
കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന ടെസ്റ്റിനിടെയാണ് സംഭവം ഉണ്ടായത്. മൽസരത്തിനിടെ യുവതാരം ബാൻക്രോഫ്റ്റാണ് സാന്റ്പേപ്പർ കൊണ്ട് പന്ത് ചുരണ്ടിയത്. സംഭവം ക്യാമറയിൽ പതിഞ്ഞതോടെ കോച്ച് ടീമംഗം വഴി ബാൻക്രോഫ്റ്റിനെ ഇക്കാര്യം അറിയിച്ചു.
മൽസരശേഷം നടന്ന പത്രസമ്മേളനത്തിൽ തങ്ങൾ കൂടി അറിഞ്ഞാണ് ബാൻക്രോഫ്റ്റ് ഇക്കാര്യം ചെയ്തതെന്ന് സ്റ്റീവ് സ്മിത്ത് പറഞ്ഞത്. ഐസിസി ഒരു മൽസരത്തിൽ നിന്ന് സ്മിത്തിനെയും വാർണറെയും ബാൻക്രോഫ്റ്റിനെയും വിലക്കിയതിന് പിന്നാലെ ക്രിക്കറ്റ് ഓസ്ട്രേലിയ കടുത്ത നടപടിയിലേക്ക് കടന്നു. ഒരു വർഷത്തേക്കാണ് സ്മിത്തിനെയും വാർണറെയും ക്രിക്കറ്റ് ഓസ്ട്രേലിയ പുറത്തിരുത്തിയത്. ബാൻക്രോഫ്റ്റിന് ഒൻപത് മാസത്തെ വിലക്കും ലഭിച്ചു.