തിരുവനന്തപുരം: മലയാള മണ്ണിന്റെ സ്നേഹവും ആദരവും ഏറ്റുവാങ്ങാൻ ലോക ബാഡ്മിന്റൺ ചാമ്പ്യന്‍ പിവി സിന്ധു കേരളത്തിൽ. സംസ്ഥാന കായികവകുപ്പും കേരളാ ഒളിമ്പിക്‌ അസോസിയേഷനും സംയുക്തമായി ഒരുക്കുന്ന സ്വീകരണം ഉച്ചതിരിഞ്ഞ് 3.30ന് തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ നടക്കും.

ചൊവ്വാഴ്ച കേരളത്തിൽ എത്തിയ സിന്ധുവിനെ കേരള ഒളിംപിക് അസോസിയേഷൻ ഭാരവാഹികളും കായിക താരങ്ങളും ചേർന്നാണ് സ്വീകരിച്ചത്. സംസ്ഥാന സർക്കാരിന്റെ അതിഥിയായി എത്തിയ സിന്ധു ഇന്ന് രാവിലെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലും ആറ്റുകാൽ ക്ഷേത്രത്തിലും ദർശനം നടത്തി. രാവിലെ 11 മണിക്ക് കേരള ഒളിംപിക് അസോസിയേഷന്‍റെ ആസ്ഥാന മന്ദിരവും പി.വി. സിന്ധു സന്ദര്‍ശിക്കും.

Read More: സിന്ധുവിനെ ആഘോഷിച്ച രാജ്യം മാന്‍സിയെ മറന്നു; പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അഭിനന്ദിച്ച് മോദി

ഇന്ന് ഉച്ച കഴിഞ്ഞ് ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിന്ധുവിന് 10 ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും സമ്മാനിക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ നിന്ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലേക്ക് നടത്തുന്ന റോഡ് ഷോയിലും പി.വി. സിന്ധു പങ്കെടുക്കും. മന്ത്രി ഇപി ജയരാജൻ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.

ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് ഹൈദരാബാദില്‍ നിന്നും അവര്‍ തിരുവനന്തപുരത്തെത്തിയത്. ഒളിംപിക്സില്‍ വെള്ളിമെഡൽ നേടിയ ശേഷം ഗള്‍ഫ് വ്യവസായി 25 ലക്ഷം രൂപ സമ്മാനിച്ച ചടങ്ങിനായാണ് സിന്ധു ഇതിനു മുമ്പ് കേരളത്തിലെത്തിയത്.

Read More: ‘പണം വാരും സിന്ധു’; ലോകത്ത് ഏറ്റവും കൂടുതൽ വരുമാനമുള്ള വനിത കായിക താരങ്ങളുടെ പട്ടികയിൽ സിന്ധുവും

ഓഗസ്റ്റില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന ബാഡ്‍മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിലാണ് സിന്ധു കിരീടം നേടിയത്. ബാഡ്‍മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വിജയിയാകുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. ഫൈനലില്‍ ജാപ്പനീസ് താരം നസോമി ഒകുഹാരയെ കീഴടക്കിയാണ് സിന്ധു ചരിത്രനേട്ടം സ്വന്തമാക്കിയത്. . നേരിട്ടുള്ള ഗെയിമുകള്‍ക്ക് 21-7, 21- 7 എന്ന സ്‌കോറിനായിരുന്നു ജയം.

ലോക ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിന്‍റെ അഞ്ചാമത്തെ മെഡലായിരുന്നു ഇത്. കഴിഞ്ഞ രണ്ടുതവണയും വെള്ളിമെഡല്‍ നേടിയ സിന്ധു രണ്ട് വെങ്കലവും നേടിയിട്ടുണ്ട്. 2106-ലെ റിയോ ഒളിമ്പിക്സില്‍ വെള്ളി നേടിയ സിന്ധു കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും വെള്ളി നേടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook