ഹൈദരാബാദ്: ബാഡ്മിന്റൺ താരങ്ങളായ സൈന നെഹ്‌വാളും പി.കശ്യപും വിവാഹിതരാവുന്നു. വർഷങ്ങൾ നീണ്ട പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരാകാൻ പോകുന്നത്. ഡിസംബർ 16 ന് ഇരുവരുടെയും വിവാഹം നടക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തിൽ പങ്കെടുക്കുക. ഡിസംബർ 21 ന് റിസപ്ഷൻ നടക്കും.

10 വർഷമായി പ്രണയത്തിലായിരുന്നു ഇരുവരും. 2005 ൽ ഗോപിചന്ദിന്റെ ഹൈദരാബാദിലെ ബാഡ്മിന്റൻ അക്കാദമിയിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറി. കിടംബി ശ്രീകാന്ത്, എച്ച്.എസ്.പ്രണോയ്, ഗുരുസായദത്ത് എന്നിവർക്ക് പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നു. പക്ഷേ ഒരിക്കലും സൈനയോ കശ്യപോ തങ്ങളുടെ ബന്ധത്തെക്കുറിച്ച് പരസ്യമായി പറഞ്ഞിരുന്നില്ല.

View this post on Instagram

#goodtimes

A post shared by Parupalli Kashyap (@parupallikashyap) on

2012 ൽ ലണ്ടനിൽ നടന്ന ഒളിമ്പിക്സ് മത്സര സമയത്ത് സൈനയും കശ്യപും പ്രണയത്തിലാണെന്ന വാർത്തകൾ പരന്നിരുന്നു. പക്ഷേ അപ്പോഴും താരങ്ങൾ ഇതിനെ എതിർക്കുകയോ മറുപടി പറയുകയോ ചെയ്തില്ല. ഗോൾഡ് കോസ്റ്റിൽ നടന്ന കോമൽവെൽത്ത് ഗെയിംസിൽ വ്യക്തിഗന ഇനത്തിൽ സ്വർണം നേടിയപ്പോഴാണ് സൈന ആദ്യമായി കശ്യപിനെക്കുറിച്ച് പറഞ്ഞത്. ടൂർണമെന്റിലുടനീളം തനിക്ക് കശ്യപ് പ്രചോദനമേകിയെന്നായിരുന്നു സൈനയുടെ വാക്കുകൾ. അതിനുപിന്നാലെ കശ്യപുമൊത്തുളള ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയ പേജിൽ സൈന ഷെയർ ചെയ്യാനും തുടങ്ങി.

2014 ൽ വിമൽ കുമാറിന്റെ കീഴിൽ പരിശീലനത്തിനായി ബെംഗളൂരുവിലേക്ക് സൈന പോയി. ഇരുവരും തമ്മിലുളള ബന്ധം ഇതോടെ അവസാനിച്ചുവെന്നായിരുന്നു പലരും കരുതിയത്. പക്ഷേ ഈ സമയത്ത് സൈനയെ ബെംഗളൂരുവിലെത്തി കശ്യപ് കാണാറുണ്ടായിരുന്നു. ഹൈദരാബാദിലേക്ക് തിരികെ വന്ന് ഗോപിചന്ദിന്റെ കീഴിൽ സൈന പരിശീലനം പുനരാരാംഭിക്കാൻ കാരണം കശ്യപുമായുളള പ്രണയം മൂലമാണെന്നും കരുതുന്നവരുണ്ട്.

View this post on Instagram

After dinner …..tonight @parupallikashyap

A post shared by SAINA NEHWAL (@nehwalsaina) on

28 കാരിയായ സൈന ഇതിനോടകം നിരവധി നേട്ടങ്ങൾ കൈപ്പിടിയിൽ ഒതുക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട 20 കിരീടങ്ങൾ സൈനയുടെ അക്കൗണ്ടിലുണ്ട്. ഒളിമ്പിക്‌സിൽ വെങ്കല മെഡലും ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും സൈന നേടിയിട്ടുണ്ട്. 32 കാരനായ കശ്യപ് 2014 ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയിട്ടുണ്ട്. ലോകറാങ്കിങ്ങിൽ ആറാം സ്ഥാനത്തും എത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook