ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പിലേക്ക് എത്തുമ്പോൾ വലിയ തിരിച്ചടിയാണ് മൂന്ന് തവണ ചാംപ്യന്മാരായ ചെന്നൈ നേരിട്ടത്. ഐപിഎൽ ചരിത്രത്തിലാദ്യമായി ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകുന്നതിനും ഈ സീസൺ സാക്ഷിയായി. യുവത്വത്തെ തഴഞ്ഞ് അനുഭവ സമ്പത്തിൽ കൂടുതൽ ആശ്രയിച്ചതാണ് ചെന്നൈയുടെ ഈ തകർച്ചയ്ക്ക് കാരണമെന്ന് ബാറ്റിങ് ഇതിഹാസം ബ്രയാൻ ലാറ പറഞ്ഞു. അവശേഷിക്കുന്ന മത്സരങ്ങളിലെങ്കിലും യുവതാരങ്ങൾക്ക് അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ ചെന്നൈ ഇത്തവണ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. സീസണിൽ ആദ്യം പ്ലേ ഓഫ് കാണാതെ പുറത്തായ ടീമും ചെന്നൈ തന്നെ. മറ്റ് പല ടീമുകളും യുവതാരങ്ങളിലും മികച്ച രാജ്യാന്തര താരങ്ങളിലും ആശ്രയിച്ച് കളിക്കുമ്പോൾ ചെന്നൈ മാത്രം മുതിർന്ന താരങ്ങളുമായാണ് എത്തുന്നത്. അതുകൊണ്ട് തന്നെ വയസൻ പടയെന്ന പേര് ചെന്നൈ സൂപ്പർ കിങ്സിനൊടൊപ്പം എന്നും ചേർത്തു വായിക്കപ്പെടുന്നു.

Also Read: ഓസിസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ധോണിക്ക് ആദരമർപ്പിച്ച് ബിസിസിഐ

“ചെന്നൈ സൂപ്പർ കിങ്സിൽ നിരവധി മുതിർന്ന താരങ്ങളാണുള്ളതെന്ന് എനിക്ക് തോന്നുന്നു. അധികം യുവതാരങ്ങൾ ടീമിനൊപ്പമില്ല. അവരുടെ വിദേശ താരങ്ങൾ പോലും കുറേ നാളുകളായി കളിക്കുന്നവരാണ്. അതായത് അവർ യുവത്വത്തെക്കാളും അനുഭവ സമ്പത്തിനെയാണ് പിന്തുണയ്ക്കുന്നത്. അത് തന്നെയാണ് ഇത്തവണ അവരുടെ തകർച്ചയ്ക്കും കാരണം.” ലാറ പറഞ്ഞു.

Also Read: വാക്കേറ്റം, വിരൽചൂണ്ടൽ; ക്രിസ് മോറിസിനും ഹാർദിക് പാണ്ഡ്യക്കുമെതിരെ ബിസിസിഐ നടപടി

സീസണിൽ 12 മത്സരങ്ങൾ കളിച്ച ചെന്നൈയ്ക്ക് നാല് ജയം മാത്രമാണ് സ്വന്തമാക്കാനായത്. എട്ട് തവണയും പരാജയമായിരുന്നു ചെന്നൈയുടെ ഫലം. ഉദ്ഘാടന മത്സരത്തിൽ മുംബൈയെ തകർത്ത് മികച്ച തുടക്കം കുറിച്ച ചെന്നൈക്ക് പിന്നീടുള്ള മത്സരങ്ങളിൽ അതേ മികവ് തുടരാൻ സാധിച്ചില്ല.

തങ്ങൾക്ക് ഇത്തവണ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിച്ചില്ലെന്ന് ചെന്നൈ നായകൻ എം.എസ്.ധോണി പറയുന്നു. കഴിവിനനുസരിച്ചുള്ള പ്രകടനം നടത്താൽ ഈ സീസണിൽ തങ്ങൾക്ക് സാധിച്ചില്ലെന്ന് ധോണി തുറന്നുസമ്മതിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook