ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഉജ്വല വിജയത്തിലേക്ക് ടീമിനെ നയിക്കുമ്പോള്‍ പാക്കിസ്ഥാന് നായകന് ബാബര്‍ അസമിന്റെ അമ്മ വെന്റിലേറ്ററില്‍ ആയിരുന്നു. തെല്ലും ആത്മവിശ്വാസം നഷ്ടപ്പെടാതെയായിരുന്നു ബാബിറിന്റെ ബാറ്റിങ്. താരത്തിന്റെ പിതാവ് അസം സിദ്ദിഖാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഐസിസി ടൂര്‍ണമെന്റില്‍ ആദ്യമായാണ് ബാബര്‍ പാക് ടീമിനെ നയിച്ചത്. തന്റെ കന്നിയങ്കത്തില്‍ ചിരവൈരികളായ ഇന്ത്യയെ പത്ത് വിക്കറ്റിന് പരാജയപ്പെടുത്തി. 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്നപ്പോള് 68 റണ്‍സുമായി താരം മികച്ച ബാറ്റിങ്ങും കാഴ്ച വച്ചു. കഠിനമായ വേദനയിലൂടെ കടന്ന് പോകുമ്പോളാണ് ബാബര്‍ മൂന്ന് വിജയങ്ങളില്‍ ടീമിനെ നയിച്ചതെന്നും അസം സിദ്ദിഖ് പറഞ്ഞു.
“എന്റെ രാജ്യം ചില സത്യങ്ങള്‍ അറിയാന്‍ സമയമായിരിക്കുന്നു. മൂന്ന് വിജയങ്ങളും നേടിയ പാക്കിസ്ഥാന് ടീമിന് അഭിനന്ദനങ്ങള്‍. ഞങ്ങളുടെ വീട്ടില്‍ ലോകകപ്പ് മത്സരങ്ങള്‍ വലിയ പരീക്ഷണമാണ് നല്‍കിയത്. ഇന്ത്യക്കെതിരായ ആദ്യ മത്സരം നടക്കുമ്പോള്‍ ബാബറിന്റെ അമ്മ സര്‍ജറിക്ക് പിന്നാലെ വെന്റിലേറ്ററിലായിരുന്നു,” അസം സിദ്ദിഖ് ഇന്‍സ്റ്റഗ്രാമിലെഴുതി.
“കടുത്ത മാനസിക സംഘര്ഷത്തിനിടയിലാണ് ബാബര്‍ മൂന്ന് മത്സരങ്ങളും കളിച്ചത്. ഞാന്‍ ഇവിടെ വരണമെന്ന് ആഗ്രഹിച്ചിരുന്നില്ല. ഞാന്‍ വന്നതിന്റെ കാരണം ബാബറിന് ദുര്ബലപ്പെടാതിരിക്കാനാണ്. ദൈവത്തിന്റെ അനുഗ്രഹത്താല്‍ അവന് കുഴപ്പമൊന്നുമില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന് എന്നീ ടീമുകള്‍ക്കെതിരായ ജയത്തോടെ പാക് പട സെമി ഫൈനല്‍ ഉറപ്പിച്ചു.