പാക്കിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ബാബര്‍ അസം ലോകക്രിക്കറ്റിലെ മികച്ച ബാറ്റര്‍മാരിലൊരാളാണ്. താരത്തിന്റെ ബാറ്റിംഗ് ശൈലി ക്രിക്കറ്റ് വിദഗ്ധരുടെ പ്രശംസയ്ക്കും ഇടയാക്കിയിട്ടുണ്ട്. പാക്ക് ക്യാപ്റ്റന്റെ അത്ഭുതപ്പെടുത്തുന്ന കവര്‍ഡ്രൈവുകള്‍ ആരാധകര്‍ക്കും വിമര്‍ശകര്‍ക്കും പ്രിയങ്കരമാണ്.
ഇപ്പോള്‍ ഈ കവര്‍ ഡ്രൈവ് സ്‌കൂള്‍ കുട്ടികളുടെ പുസ്തകത്തിലും ഇടം പിടിച്ചിരിക്കുകയാണ്.
പാകിസ്ഥാനിലെ ഒമ്പതാം ക്ലാസ് കുട്ടികളുടെ ഫിസിക്‌സ് പുസ്തകത്തിലാണ് ഇത് പരാമര്‍ശിക്കുന്നത്. ഗതികോര്‍ജ്ജത്തെ കുറിച്ച് വിശദീകരിക്കുന്നതിനാണ് ഉപയോഗിച്ചിരുക്കുന്നത്. താരത്തിന്റെ കവര്‍ ഡ്രൈവിനെ കുറിച്ച് പരാമര്‍ശിക്കുന്ന ചോദ്യം ഇതിനകം സമൂഹമാധ്യമങ്ങളിലും വൈറലായി.
‘ബാബര്‍ അസം തന്റെ ബാറ്റില്‍ നിന്ന് പന്തിന് 150 ജൂള്‍ ഗതികോര്‍ജ്ജം നല്‍കി ഒരു കവര്‍ ഡ്രൈവ് അടിച്ചു. പന്തിന്റെ പിണ്ഡം 120 ഗ്രാം ആണെങ്കില്‍ ഏത് വേഗതയിലാണ് പന്ത് അതിര്‍ത്തി കടക്കുക?, 450 ഗ്രാം പിണ്ഡമുള്ള ഒരു ഫുട്ബാളിനെ ഈ വേഗതയില്‍ ചലിപ്പിക്കുന്നതിന് ഫുട്ബാള്‍ കളിക്കാരന്‍ എത്ര ഗതികോര്‍ജ്ജം നല്‍കണം? എന്നിങ്ങനെയാണ് പുസ്തകത്തിലെ ചോദ്യം. പാക് മാധ്യമപ്രവര്‍ത്തകനായ ഷിറാസ് ഹസ്സനാണ് ഈ പാഠഭാഗം ട്വീറ്റ് ചെയ്തിരിക്കുന്നത്.
ബാബര്‍ അസമിന്റെ ഏറ്റവും മികച്ച ഷോട്ടുകളിലൊന്നാണ് കവര്‍ ഡ്രൈവുകള്‍. മികച്ച കവര്‍ ഡ്രൈവുകള്‍ തെരഞ്ഞെടുക്കാനുള്ള ഐസിസിയുടെ സര്‍വേയില്‍ ആരാധകര്‍ തെരഞ്ഞെടുത്തത് പാക് ക്യാപ്റ്റനായ ബാബറിന്റെ ഷോട്ടുകളായിരുന്നു.