scorecardresearch

‘സമ്പാദിക്കുന്ന ഓരോ ചില്ലിക്കാശും വീട്ടിലേക്ക് അയക്കുന്നയാളാണ് ബാബര്‍ അസം’; പാക് പരിശീലകന്റെ വെളിപ്പെടുത്തല്‍

ഒരിക്കല്‍ അത്താഴം കഴിക്കുന്നതിനിടെ അസമിന്റെ പിതാവ് അദ്ദേഹത്തെ കുറിച്ച് വാചാലനായി

‘സമ്പാദിക്കുന്ന ഓരോ ചില്ലിക്കാശും വീട്ടിലേക്ക് അയക്കുന്നയാളാണ് ബാബര്‍ അസം’; പാക് പരിശീലകന്റെ വെളിപ്പെടുത്തല്‍

പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ ശ്രദ്ധേയ ബാറ്റ്സ്മാനാണ് ബാബര്‍ അസം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ അദ്ദേഹം പാക് ക്രിക്കറ്റിലെ അവിഭാജ്യ ഘടകമായി മാറി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് ബാബര്‍ അസം കാഴ്ച്ച വെച്ചതും. പാക്കിസ്ഥാന്‍ പരമ്പര തോറ്റെങ്കിലും അസമിന്റെ പ്രകടനം പാക്കിസ്ഥാന് പ്രതീക്ഷ നല്‍കുന്നതാണ്.

പാക്കിസ്ഥാന്റെ മുഖ്യ പരിശീലകന്‍ മൈക്കി ആര്‍തറാണ് ഇപ്പോള്‍ അസമിനെ കുറിച്ച് വാചാലനായിരിക്കുന്നത്. തന്റെ ശമ്പളം മുഴുവനും വീട്ടിലേക്ക് എന്നും അയച്ച് കൊടുക്കുന്നയാളാണ് അസമെന്ന് പരിശീലകന്‍ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ പ്രവൃത്തി കണ്ട് അഭിമാനിക്കുന്നുവെന്നും മൈക്കി പറഞ്ഞു. കഴിഞ്ഞ വര്‍ഷം വരെ തന്റെ പഴയ ഹോണ്ടയാണ് അസം ഓടിച്ചിരുന്നതെന്നും ഇതില്‍ കുടുംബവും അഭിമാനിക്കുന്നുവെന്നും പരിശീലകന്‍ പറയുന്നു.

ഈയടുത്താണ് അസമിന്റെ പിതാവ് അദ്ദേഹത്തിനായി പുതിയൊരു കാറ് വാങ്ങി നല്‍കിയത്. ‘ലോകത്തെ മികച്ച അഞ്ച് ബാറ്റ്സ്മാന്‍മാരില്‍ ഒരാളാണ് ബാബര്‍ അസം. സമ്പാദിക്കുന്ന ഓരോ ചില്ലിക്കാശ് പോലും അദ്ദേഹം കുടുംബത്തിനായാണ് ചെലവഴിക്കുന്നത്. ഓരോ തവണയും അദ്ദേഹം പണം അയച്ച് കൊടുക്കും, ഒരിക്കല്‍ അത്താഴം കഴിക്കുന്നതിനിടെ അസമിന്റെ പിതാവ് അദ്ദേഹത്തെ കുറിച്ച് വാചാലനായി. അസം എത്രമാത്രം തങ്ങള്‍ക്ക് പ്രിയപ്പെട്ടവനാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. അതിന് ശേഷമാണ് അസമിന് പുതിയ വെളുത്ത ഹോണ്ടയുടെ താക്കോല്‍ അദ്ദേഹം നല്‍കിയത്,’ മൈക്കി പറഞ്ഞു. തന്റെ കുടുംബം തന്ന കാര്‍ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ക്രിസ് ലിന്നിന്റെ ലംബോര്‍ഗിനിയുമായാണ് അസം അത് അഭിമാനത്തോടെ താരതമ്യം ചെയ്തതെന്നും മൈക്കി വെളിപ്പെടുത്തി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Babar azam sends home entire salary home pakistan coach mickey arthur