തങ്ങളുടെ ടീമിനെ ഉയരങ്ങളിലേക്ക് നയിക്കാന്‍ കഴിയുന്നവനാണെന്നാണ് ബാബര്‍ അസമിനെ കുറിച്ച് പാക് ആരാധകരുടെ പ്രതീക്ഷ. അവരുടെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനമാണ് ബാബര്‍ കളിക്കളത്തില്‍ പുറത്തെടുക്കുന്നതും. മികച്ച ടെക്‌നിക്കും നല്ല കണ്ട്രോളുമുള്ള ബാബര്‍ ഏകദിനത്തില്‍ പാകിസ്ഥാന്റെ മികച്ച ബാറ്റ്‌സ്ന്മാരിലൊരാളാണ്. എന്നാല്‍ ടെസ്റ്റില്‍ ബാബറിന് ഇതുവരേയും സെഞ്ച്വറി നേടി ശോഭിക്കാനായിട്ടില്ലെന്നത് അത്ഭുതമാണ്. ആ വിഷമം ബാബര്‍ ഇപ്പോള്‍ തീര്‍ത്തിക്കുകയാണ്.

ന്യൂസിലാന്റിനെതിരായ രണ്ടാമത്തെ ടെസ്റ്റില്‍ കന്നി സെഞ്ച്വറി നേടിയ ബാബര്‍ കോഹ്ലിയെ മറി കടന്നിരിക്കുകയാണ്. വിരാട് കോഹ്ലിയ്ക്കുള്ള പാകിസ്ഥാന്റെ മറുപടിയായാണ് പാക് ആരാധകര്‍ ബാബറിനെ ഉയര്‍ത്തിക്കാണിക്കുന്നത്. കണക്കുകള്‍ വച്ച് കോഹ്ലിയുടെ നേട്ടങ്ങളെ ബാബര്‍ മറി കടക്കുമെന്നും കോഹ്ലിയേക്കാള്‍ മികച്ചവന്‍ ബാബര്‍ ആണെന്നും അവര്‍ അവകാശപ്പെടുന്നതും അതിനെതിരെ ഇന്ത്യന്‍ ആരാധകര്‍ രംഗത്തെത്തുന്നതുമെല്ലാം ക്രിക്കറ്റില്‍ സ്ഥിരം കാഴ്ച്ചയാണ്. അതുകൊണ്ടു തന്നെ ബാബര്‍ വിരാടിനെ മറി കടന്നത് പാക് ആരാധകര്‍ ആഘോഷമാക്കുകയാണ്.

കഴിഞ്ഞ നാല് ടെസ്റ്റിലുമായി ബാബറിന്റെ സ്‌കോര്‍ 92,62,13,127 എന്നിങ്ങനെയാണ്. ഇതോടെ ബാബറിന്റെ 2018 ലെ ആവറേജ് 67.71 ആയി ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ആവറേജ് 59.05 ആണ്. 18 ഇന്നിങ്‌സുകളില്‍ നിന്നും 1063 റണ്‍സാണ് കോഹ്ലിയുടെ സമ്പാദ്യം. പട്ടികയില്‍ 400 മുകളില്‍ റണ്‍സുള്ള താരങ്ങളില്‍ ഏറ്റവും മികച്ച ആവറേജുള്ളത് ബാബറിനാണ്.

”ടെസ്റ്റ് സെഞ്ച്വറി നേടാന്‍ ആകാത്തത് എന്നെ ബാധിച്ചിരുന്നില്ലെന്ന് പറഞ്ഞാലത് നുണയായി മാറും. ടെസ്റ്റ് സെഞ്ച്വറി ഒരു പ്രേത്യക ഫീലാണെന്ന് പറയുന്നത് ശരിയാണെന്ന് ഇന്ന് മനസിലായി. ആത്മവിശ്വാസം നേടാന്‍ ഈ നേട്ടം സഹായിക്കും” എന്നായിരുന്നു തന്റെ സെഞ്ച്വറി നേട്ടത്തെ കുറിച്ച് ബാബറിന് പറയാനുണ്ടായിരുന്നത്.

അതേസമയം, ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര മുന്നിലുള്ളതിനാല്‍ വിരാട് ബാബറിനെ മറികടക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇന്ത്യന്‍ ആരാധകര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook