വിരാട് കോഹ്‌ലിയോടൊപ്പം ഏറ്റവും കൂടുതൽ ചേർത്തു വായിക്കപ്പെട്ടിട്ടുള്ള പേരാണ് പാക്കിസ്ഥാൻ താരം ബാബർ അസമിന്റേത്. ശ്രീലങ്കയ്ക്കെതിരെ ടെസ്റ്റിൽ നേടിയ തകർപ്പൻ സെഞ്ചുറിക്ക് ശേഷം വിരാട് കോഹ്‌ലിയുടെ നിലയിലേക്ക് എത്തണമെന്ന തന്റെ ആഗ്രഹം വ്യക്തമാക്കിയാണ് ബാബർ അസം വീണ്ടും വാർത്തകളിൽ ഇടം നേടുന്നത്.

ആരാധകർ തമ്മിലുള്ള വാക്‌പോരിന് പലപ്പോഴും കാരണമായിട്ടുള്ള പോരുകളാണ് വിരാട് കോഹ്‌ലിയുടേതും ബാബർ അസമിന്റേതും. എന്നാൽ തന്റെ ആഗ്രഹം തന്നെ വിരാട് കോഹ്‌ലി പോലെയാകുകയെന്നതാണെന്ന് ബാബർ പറയുന്നു.

“വിരാട് കോഹ്‌ലി എന്തൊക്കെ നേടി കഴിഞ്ഞു. ഇന്ത്യയിൽ അദ്ദേഹം ഒരു ഇതിഹാസമാണ്. നിലവിൽ എന്നെയും അദ്ദേഹത്തെയും താരതമ്യം ചെയ്യുന്നത് ശരിയല്ല, എന്നാൽ സാവധാനം ഇന്ന് അദ്ദേഹം ആയിരിക്കുന്നടുത്ത് എനിക്കും എത്തണം.” ബാബർ അസം വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു.

തന്നെയും വിരാട് കോഹ്‌ലിയും താരതമ്യപ്പെടുത്തി മാധ്യമപ്രവർത്തകർ ഉൾപ്പടെയുള്ളവർ നേരത്തെ നടത്തിയിട്ടുണ്ടെന്നും എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ മുൻനിരയിലേക്കെത്താൻ താൻ ഇനിയും ഏറെ ദൂരം പോകേണ്ടതുണ്ടെന്ന ബോധ്യമുണ്ടെന്നും ബാബർ അസം പറഞ്ഞു. ഇക്കാരണത്താലാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി ടെസ്റ്റ് ക്രിക്കറ്റിൽ സ്ഥിരതയോടെ റൺസ് കണ്ടെത്താൻ ശ്രമിക്കുന്നതെന്നും ബാബർ പറഞ്ഞു.

കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്നായി രണ്ടു സെഞ്ചുറികൾ തികച്ച ബാബർ പറയുന്നത് വിരാട് കോഹ്‌ലിയെ പോലെ കൂടുതൽ മത്സരങ്ങളിൽ തന്റെ ടീമിനെ വിജയത്തിലെത്തിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നാണ്. താനൊരു വിരാട് കോഹ്‌ലി ആരാധകനാണെന്ന് ബാബഞ്ഞ നേരത്തെ വ്യക്തമാക്കിയിട്ടുമുള്ളതാണ്.

ബാബർ അസമിനെ വിരാട് കോഹ്‌ലിയുമായി താരതമ്യം ചെയ്ത് നിരവധി ആരാധകരാണ് ഓരോ ദിവസവും രംഗത്തെത്തുന്നത്. പാക്കിസ്ഥാൻ താരങ്ങളായ ഉമർ അക്മലും അഹമ്മദ് ഷെഹ്സാദുമാണ് ഈ താരതമ്യത്തിന് തുടക്കം കുറിച്ചത്. പിന്നാലെ പാക്കിസ്ഥാൻ ആരാധകരും ഇത് ഏറ്റെടുത്തു. വിരാട് കോഹ്‌ലിയുടെ ആരാധകർ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook