രാജ്യാന്തര ക്രിക്കറ്റിൽ ബാറ്റ്കൊണ്ട് കരുത്ത് കാട്ടി മുന്നേറുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ഓരോ തവണ ക്രീസിലെത്തുമ്പോഴും പല റെക്കോർഡുകളും തിരുത്തി കുറിക്കപ്പെടുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ലോകമെമ്പാടും ആരാധകരുള്ള ഇന്ത്യൻ നായകൻ പാക്കിസ്ഥാനിൽ ചർച്ച ചെയ്യപ്പെടുന്നത് മറ്റൊരു കാര്യത്തിൽ കൂടിയാണ്. പാക്കിസ്ഥാൻ താരം ബാബർ അസമിനെ വിരാട് കോഹ്‌ലിയുമായി താരതമ്യം ചെയ്ത് നിരവധി ആരാധകരാണ് ഓരോ ദിവസവും രംഗത്തെത്തുന്നത്.

പാക്കിസ്ഥാൻ താരങ്ങളായ ഉമർ അക്മലും അഹമ്മദ് ഷെഹ്സാദുമാണ് ഈ താരതമ്യത്തിന് തുടക്കം കുറിച്ചത്. പിന്നാലെ പാക്കിസ്ഥാൻ ആരാധകരും ഇത് ഏറ്റെടുത്തു. വിരാട് കോഹ്‌ലിയുടെ ആരാധകർ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തിലൊരു താരതമ്യത്തിന്റെ ആവശ്യമില്ലെന്ന് ബാബർ അസം തന്നെ വ്യക്തമാക്കിയിരിക്കുന്നത്.

“അത്തരത്തിൽ ഒരു താരതമ്യത്തിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നില്ല. ഞങ്ങൾ വ്യത്യസ്തരായ കളിക്കാരാണ്. എന്റെ ശക്തിയും ദൗർബല്യവും അനുസരിച്ചാണ് ഞാൻ കളിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റൊരു ക്രിക്കറ്ററുമായും താരതമ്യപ്പെടാൻ ആഗ്രഹവുമില്ല,” ബാബർ അസം ഒരു പാക്കിസ്ഥാൻ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

താരതമ്യങ്ങളെല്ലാം ആരാധകർക്കും മാധ്യമങ്ങൾക്കുമാണെന്ന് ബാബർ പറഞ്ഞു. മുൻതാരങ്ങളുമായോ നിലവിലുള്ള താരങ്ങളുമായോ താരതമ്യം ചെയ്യുന്നത് ഒരു ക്രിക്കറ്ററും ഇഷ്ടപ്പെടുന്നില്ല. വിരാട് കോഹ്‌ലിയുമായോ മറ്റൊരു താരവുമായോ തന്നെ താരതമ്യം ചെയ്യാൻ താനും ആഗ്രഹിക്കുന്നില്ലെന്ന് ബാബർ പറഞ്ഞു. തന്റെ രാജ്യത്തിന് മത്സരങ്ങൾ ജയിക്കണമെന്നത് മാത്രമാണ് ലക്ഷ്യമെന്നും ബാബർ കൂട്ടിച്ചേർത്തു.

നേരത്തെയും ഇത്തരത്തിലുള്ള താരതമ്യപ്പെടുത്തലുകൾക്കെതിരെ ബാബർ അസം രംഗത്തെത്തിയിരുന്നു. ബാറ്റിങ്ങിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ അടുത്തുപോലും താൻ എത്തിയിട്ടില്ലെന്ന് പാക്കിസ്ഥാൻ താരം ബാബർ അസം പറഞ്ഞിരുന്നു. വിരാട് കോഹ്‌ലിയുമായി തന്നെ താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും അസം ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook