മുംബൈ: ക്രിക്കറ്റ് ആരാധകരെല്ലാം ഐപിഎല്ലിന്റെ ആവേശത്തിലാണ്. ഒന്നര മാസം നീണ്ടു നില്‍ക്കുന്ന ഐപിഎല്‍ പൂരത്തിന് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് നിർണായകമായ പരമ്പരകളാണ്. അതിനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ ആരംഭിച്ചിട്ടുണ്ട് മിക്ക താരങ്ങളും. ഐപിഎല്ലിന് ശേഷം ഇംഗ്ലണ്ടില്‍ കൗണ്ടി കളിക്കാന്‍ പോകുമെന്ന് നായകന്‍ വിരാട് കോഹ്‌ലി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിരാടിന്റെ പാത പിന്തുടര്‍ന്ന് മറ്റൊരു ഇന്ത്യന്‍ താരം കൂടി കൗണ്ടി കളിക്കാന്‍ തയ്യാറെടുക്കുകയാണ്.

ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലാണ് കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ ഇംഗ്ലണ്ടിലേക്ക് പോകാന്‍ ഒരുങ്ങുന്നത്. കൗണ്ടി ക്ലബ്ബായ ഡര്‍ഹം കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിനു വേണ്ടിയായിരിക്കും അക്‌സര്‍ കളിക്കുക. സ്‌പെക്‌സേവേഴ്‌സ് കൗണ്ടി ചാമ്പ്യന്‍ഷിപ്പിലായിരിക്കും അക്‌സര്‍ ടീമിനായി ഇറങ്ങുക. ട്വിറ്ററിലൂടെ ടീം അധികൃതര്‍ തന്നെയാണ് വിവരം അറിയിച്ചത്.

ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന്റെ താരമായ അക്‌സര്‍ ഓഗസ്റ്റ് മാസം പകുതിയോടെയായിരിക്കും ഇംഗ്ലണ്ടിലെത്തുക. ഓഗസ്റ്റ് 19 ന് ഗ്ലാമോര്‍ഗനെതിരെയാണ് അക്‌സറിന്റെ അരങ്ങേറ്റ കൗണ്ടി മൽസരം. ശേഷം നോര്‍ത്താംഷെയര്‍, സസെക്‌സ്, മിഡില്‍സെക്‌സ്, ലെസ്റ്റര്‍ ടീമുകള്‍ക്കെതിരേയും താരം ഇറങ്ങും.

2012 ല്‍ ഗുജറാത്തിനായി ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച അക്‌സര്‍ തന്റെ രണ്ടാമത്തെ മൽസരത്തില്‍ തന്നെ അഞ്ച് വിക്കറ്റുകള്‍ എടുത്ത് ശ്രദ്ധ നേടി. ഡല്‍ഹിയ്ക്കെതിരെ നടന്ന മൽസരത്തില്‍ 55 ന് ആറ് വിക്കറ്റായിരുന്നു അന്ന് അക്‌സര്‍ നേടിയത്. നിലവില്‍ ബോളിങ് റാങ്കിങ്ങില്‍ 14-ാമതുള്ള അക്‌സര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മാത്രം 79 വിക്കറ്റെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ