കൊൽക്കത്ത: ഇന്ത്യയിൽ വിരുന്നെത്തിയ കൗമാര ലോകകപ്പ് ഒരു പിടി മികച്ച താരങ്ങളുടെ ഉദയത്തിന് കൂടിയാണ് സാക്ഷിയായത്. അണ്ടർ 17 ലോകകപ്പ് കരസ്ഥമാക്കിയതിനൊപ്പം പുരസ്കാരങ്ങളിലും ഇംഗ്ലണ്ടിന് തന്നെയാണ് മുൻതൂക്കം ലഭിച്ചത്.
ഇംഗ്ലണ്ടിന്റെ ഫിൽ ഫോഡൻ ആണ് ടൂർണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ഗോളടിച്ചും ഗോളടിപ്പിച്ചും ഇംഗ്ലണ്ടിന്റെ കിരീടധാരണത്തിൽ നിർണായക പങ്ക് വഹിച്ച താരമാണ് ഫിൽ ഫോഡൻ. ഫൈനലിലെ ഇരട്ട ഗോൾ നേട്ടമടക്കം മൂന്ന് ഗോളുകളാണ് ഫിൽ ഫോഡൻ കരസ്ഥമാക്കിയത്. മാഞ്ചസ്റ്റർ സിറ്റി താരമാണ് ഫിൽ ഫോഡൻ. ബാഴ്‌സലോണയില്‍ ലയണല്‍ മെസിയുടെ താരോദയം കണ്ടതിന് ശേഷം അതുപോലൊരു അനുഭവമുണ്ടായത് ഫോഡനെ കണ്ടപ്പോഴാണെന്നായിരുന്നു ഫോഡനെ കുറിച്ച് സിറ്റി പരിശീലകൻ ഗോര്‍ഡിയോള പറഞ്ഞത്.
ഇംഗ്ലണ്ട് പ്ലേമേക്കർ റയാൻ ബ്രൂസ്റ്റർ ടൂർണമെന്റിലെ ടോപ് സ്കോററായി.ആറ് മത്സരങ്ങളിൽ നിന്ന് 8 ഗോളുകളാണ് ഈ ലിവർപൂൾതാരം നേടിയത്. ഇതിൽ രണ്ട് ഹാട്രിക്ക് പ്രകടനങ്ങളും ഉൾപ്പെടുന്നു. സ്‌പെയിനിന്റെയും ഇംഗ്ലണ്ടിന്റെയും ഒൻപതാം നമ്പർ ജഴ്സിക്കാർ തമ്മിലായിരുന്നു ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടം. ആറു ഗോൾ നേടിയ സ്‌പെയിൻ നായകൻ ആബേൽ റൂയിസ് രണ്ടാം സ്ഥാനത്തെത്തി. മലിയുടെ ലസാന ന്റ്യേയും ആറ് ഗോൾ നേടി.
ബ്രസീലിന്റെ ഗബ്രിയേൽ ബ്രാസോയാണ് മികച്ച ഗോളി. 7 മത്സരങ്ങൾ കളിച്ച ബ്രാസോ 29 സേവുകൾ നടത്തി. ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന അണ്ടർ 17 ലോകകപ്പ് ടൂർണമെന്റ് കൂടിയാണ് ഇത്. ആകെ 179 ഗോളുകളാണ് ഇത്തവണത്തെ ടൂർണമെന്റിൽ പിറന്നത്.