ഇന്ത്യ-ഓസീസ് പരമ്പരയ്ക്ക് മുന്നോടിയായി ഓസ്‌ട്രേലിയയ്ക്ക് മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസ്. വിരാട് കോഹ്ലിയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കരുതെന്നും നിശബ്ദമായിട്ട് വേണം കോഹ്ലിയെ കൈകാര്യം ചെയ്യേണ്ടതെന്നുമായിരുന്നു ഡുപ്ലെസിസിന്റെ ടിപ്പ്.

നേരത്തെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ സമാനമായ രീതിയില്‍ കോഹ്ലിയ്ക്ക് ‘സൈലന്റ് ട്രീറ്റ്‌മെന്റ്’ ആണ് നല്‍കിയിരുന്നതെന്നും ഡുപ്ലെസിസ് ചൂണ്ടിക്കാണിച്ചു. പ്രകോപിതാനായാല്‍ കോഹ്ലിയെ പിടിച്ചാല്‍ കിട്ടില്ലെന്നും അക്രമകാരിയായി മാറുമെന്നുമാണ് ഡുപ്ലെസിസ് പറയുന്നത്.

”ക്രിക്കറ്റില്‍ അങ്ങനേയും ചിലരുണ്ട്. അവര്‍ വെല്ലുവിളികള്‍ ഇഷ്ടപ്പെടുന്നവരാണ്. ഞങ്ങള്‍ക്കെതിരെ കളിക്കുമ്പോള്‍ വിരാടിന് അതൊരു പോരാട്ടമായി മാറ്റാനാണ് ഇഷ്ടമെന്ന് തോന്നിയിട്ടുണ്ട്” എന്നും ഡുപ്ലെസിസ് പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെ 2-1നായിരുന്നു പോര്‍ട്ടീസ് പരമ്പര നേടിയത്. 286 റണ്‍സുമായി വിരാട് ആയിരുന്നു ടോപ്പ് സ്‌കോറര്‍.

”ഓരോ കളിക്കും മുമ്പ് ഒരാളെ കുറിച്ച് മാത്രം ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒന്നോ രണ്ടോ താരങ്ങളുണ്ടാകും ലോകത്ത്. അത്തരത്തിലൊരാളാണ് വിരാട്. അവനെ അധികം പ്രകോപിപ്പിക്കണ്ട അത് വിനയാകും എന്നാണ് പറയാറ്” എന്നും താരം പറഞ്ഞു.

മികച്ച ഫോമിലാണ് വിരാട് കളിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ 593 റണ്‍സാണ് വിരാട് നേടിയത്. പിന്നാലെ നടന്ന വിന്‍ഡീസ് പരമ്പരയില്‍ മൂന്ന് ഏകദിനത്തിലും തുടര്‍ച്ചയായി സെഞ്ച്വറിയും നേടി വിരാട്. എന്നാല്‍ വിരാടിനെതിരെ സൈലന്റ് ട്രീറ്റ്‌മെന്റ് നടത്താനുള്ള തങ്ങളുടെ നീക്കം വിജയിച്ചതായാണ് ഡുപ്ലെസിസ് പറയുന്നത്. ടോപ്പ് സ്‌കോറര്‍ ആയെങ്കിലും അദ്ദേഹം നേടിയത് താരതമ്യേനെ കുറഞ്ഞ സ്‌കോറായിരുന്നു എന്ന് ഡുപ്ലെസിസ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ