ടോക്കിയോ: പാരാലിംപിക്സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി ആവണി ലേഖാര. ഷൂട്ടിങ്ങില്‍ 50 മീറ്റര്‍ റൈഫിള്‍ വിഭാഗത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയതോടെയാണ് ആവണി പുതിയ ചരിത്രം കുറിച്ചത്. നേരത്തെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ താരം സ്വര്‍ണം നേടിയിരുന്നു. പാരാലിംപിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയും ആവണി തന്നെയാണ്.
51 ഇന്നര്‍ ടെന്‍സ് അടക്കം 1176 പോയിന്റോടെയായിരുന്നു പത്തൊന്‍പതുകാരിയായ ആവണി ഫൈനലില്‍ എത്തിയത്. കടുത്ത പോരാട്ടം നടന്ന ഫൈനലില്‍ 445.9 പോയിന്റോടെയാണ് ആവണി വെങ്കലം നേടിയത്. താരത്തിന് മുന്‍പ് ജോഗിന്ദര്‍ സിങ് സോധിയാണ് ഒരു പാരലിംപിക്സില്‍ ഇന്ത്യക്കായി ഒന്നിലധികം മെഡല്‍ നേടിയിട്ടുള്ളത്.
1984 ല്‍ നടന്ന ഗെയിംസില്‍ ഒരു വെള്ളിയും രണ്ട് വെങ്കലവുമായിരുന്നു സോധിയുടെ നേട്ടം. ഷോട്ട് പുട്ടിലായിരുന്നു വെള്ളി. ജാവലിന്‍ ത്രോയിലും, ഡിസ്കസ് ത്രോയിലും വെങ്കലവും സ്വന്തമാക്കാന്‍ സോധിക്ക് കഴിഞ്ഞു. ആവണിയുടെ നേട്ടത്തോടെ ടോക്കിയോയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 12 ആയി ഉയര്‍ന്നു.
ജയ്പൂര്‍ സ്വദേശിയായ ആവണി 2012 ലാണ് കാര്‍ അപകടത്തില്‍പ്പെട്ടതും സ്പൈനല്‍ കോര്‍ഡിന് പരുക്കേറ്റതും. 2015 ല്‍ പിതാവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ആവണി ഷൂട്ടിങ്ങിലെക്ക് തിരിഞ്ഞത്. ഇന്ത്യക്കായി ഷൂട്ടിങ്ങിലൂടെത്തന്നെ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടിയ അഭിനവ് ബിന്ദ്രയുടെ ജീവിചരിത്രം ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ആവണി വ്യക്തമാക്കിയിരുന്നു.