scorecardresearch

ഓട്ടോ ഡ്രൈവറായ ഉപ്പയുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നു; മകൻ കേരള ഫുട്ബോളിലെ പുത്തൻ താരോദയം

സന്തോഷ് ട്രോഫി ചരിത്രത്തിൽ പകരക്കാരനായി ഇറങ്ങി അഞ്ച് ഗോളുകൾ നേടുന്ന ആദ്യ താരമെന്ന അപൂർവ നേട്ടമാണ് ജെസിൻ സ്വാന്തമാക്കിയത്. ടൂർണമെന്റിലെ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കേരള താരം എന്ന റെക്കോർഡും കൂടിയാണ് ജെസിൻ കഴിഞ്ഞ മത്സരത്തിൽ സ്വന്തം പേരിലാക്കിയത്

Jesin TK, Kerala football team

വ്യാഴാഴ്ച നടന്ന സന്തോഷ് ട്രോഫി സെമിഫൈനൽ മത്സരത്തിൽ കേരളം കർണാടകയെ നേരിട്ടപ്പോൾ സ്റ്റേഡിയത്തിൽ തന്നെയിരുന്ന് ആ കളി കാണണമെന്ന് ഒരുപാട് ആഗ്രഹിച്ച വ്യക്തിയാണ് മുഹമ്മദ് നിസാർ. എന്നാൽ മലപ്പുറം നിലമ്പൂരിൽ ഓട്ടോ ഡ്രൈവറായ അദ്ദേഹം തന്റെ അന്നത്തെ ഓട്ടം പൂർത്തിയാക്കിയപ്പോഴേക്കും ഏറെ വൈകി. 30 കിലോമീറ്റർ അകലെയുള്ള മഞ്ചേരി സ്റ്റേഡിയത്തിൽ 8:30ന് മത്സരം ആരംഭിക്കും മുന്നേ എത്താനാകാതെ വന്നു.

അതുകൊണ്ട് തന്നെ ലൈവ് സ്ട്രീമിംഗിലൂടെയാണ് നിസാർ തന്റെ 22-കാരനായ മകൻ, കേരള ഫുട്‍ബോളിലെ പുത്തൻ താരോദയമായ ജെസിൻ ടി കെ, അഞ്ച് ഗോളുകൾ നേടി ടീമിനെ 7-3 വിജയത്തിലെത്തിക്കുന്നത് കണ്ടത്. പകരക്കാരനായി ഇറങ്ങിയാണ് ജെസിൻ ചരിത്രം കുറിച്ചത്.

സന്തോഷ് ട്രോഫി ചരിത്രത്തിൽ പകരക്കാരനായി ഇറങ്ങി അഞ്ച് ഗോളുകൾ നേടുന്ന ആദ്യ താരമെന്ന അപൂർവ നേട്ടമാണ് ജെസിൻ സ്വാന്തമാക്കിയത്. ടൂർണമെന്റിലെ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കേരള താരം എന്ന റെക്കോർഡും കൂടിയാണ് ജെസിൻ കഴിഞ്ഞ മത്സരത്തിൽ സ്വന്തം പേരിലാക്കിയത്. നേരത്തെ, 1999ലെ ടൂർണമെന്റിൽ ബിഹാറിനെതിരെ നാല് ഗോളുകൾ നേടിയ ആസിഫ് സഹീറിന്റെ പേരിലായിരുന്നു ഈ റെക്കോർഡ്.

സെമിനഷ്ടമായത് കൊണ്ട് തന്നെ തിങ്കളാഴ്ച നടക്കുന്ന ഫൈനൽ മത്സരം നഷ്ടമാകാൻ നിസാർ ഒരുക്കമല്ല. ഫൈനലിൽ കേരളം ബംഗാളിനെ നേരിടുമ്പോൾ സ്റ്റേഡിയത്തിൽ ഉണ്ടാകുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് അദ്ദേഹം. അതിനായി ഇന്ന് ഉച്ചയോടെ തന്നെ കുടുംബസമേതം മഞ്ചേരിയിലേക്ക് പോകാനാണ് നിസാറിന്റെ തീരുമാനം. ഫുട്ബോൾ ഭ്രാന്തന്മാരുടെ നാട്ടിൽ ഫുട്ബോൾ ഭ്രാന്തനായ ഒരു മകനെ വളർത്തിയ ഒരു ഫുട്ബോൾ ഭ്രാന്തനായ പിതാവ്, ഇത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമായിരിക്കുമെന്നും നിസാർ പറയുന്നു.

ഒരു തരത്തിൽ പറഞ്ഞാൽ, തന്റെ നടക്കാതെ പോയ സ്വപ്നങ്ങളാണ് മകനിലൂടെ അയാൾ സാക്ഷാത്കരിക്കുന്നത്.

“എനിക്ക് ഒരു ഫുട്ബോൾ താരമാകാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ ഞാൻ അതിൽ അധികം ശ്രദ്ധിച്ചില്ല. അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ്‌ബോൾ, കബഡി തുടങ്ങി കായിക ഇനങ്ങളിലാണ് കൂടുതൽ മത്സരിച്ചത്, അവസാനം ആരുമല്ലാതായി. എനിക്ക് ശരിയായ ഉപദേശം തരാൻ ആരുമുണ്ടായിരുന്നില്ല. ജെസിൻ അത്ലറ്റിക്സിലും മിടുക്കനായിരുന്നു, അവൻ സ്പ്രിന്റിങ്ങിലും എല്ലാത്തിലും മികവ് പുലർത്തിയിരുന്നു. ഞാൻ എന്റെ മകന് നൽകിയ ഒരു ഉപദേശം ഒരു സമയം ഒരു കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരുന്നു, അവൻ ഫുട്ബോളിൽ തന്നെ ഉറച്ചുനിന്നതിൽ എനിക്ക് സന്തോഷമുണ്ട്,” നിസാർ പറഞ്ഞു.

Jesin TK, Kerala football team
കുട്ടിയായിരുന്ന ജെസിനും കുടുംബവും

കർണാടകയ്‌ക്കെതിരായ മത്സരത്തിൽ 30-ാം മിനിറ്റിലാണ് ജെസിൻ പകരക്കാരനായി ഇറങ്ങിയത്. കേരളം ഒരു ഗോളിന് പിന്നിൽ നിൽക്കുമ്പോഴായിരുന്നു ഇത്. നാല് മിനിറ്റിനുള്ളിൽ കർണാടകയുടെ പ്രതിരോധ നിറയെ മറികടന്ന് കുതിച്ചുകയറിയ ജെസിൻ മുന്നിലേക്ക് കയറി വന്ന ഗോൾകീപ്പറുടെ മുകളിലൂടെ പന്ത് വലയിലെത്തിച്ച് സ്കോർ സമനിലയിലാക്കി.

പിന്നീട്, 42-ാം മിനിറ്റിലും 44-ാം മിനിറ്റിലും വീണ്ടും കർണാടക ജെസിന്റെ കാലിന്റെ വേഗതയറിഞ്ഞു, 15 മിനിറ്റിനുള്ളിൽ ഹാട്രിക് നേടിയ ജെസിൻ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടി നേടി ടീമിന് 7-3ന്റെ ആധികാരിക ജയം സമ്മാനിക്കുകയായിരുന്നു.

കേരളാ യുണൈറ്റഡിനായി കളിക്കുന്ന ജെസിൻ, തന്റെ വളർച്ചയിൽ ഏറെ കടപ്പെട്ടിരിക്കുന്നത് ക്ലബ്ബിനെ നയിക്കുന്ന കേരള പരിശീലകൻ കൂടിയായ ബിനോ ജോർജ്ജിനോടും ജെസിൻ പഠിക്കുന്ന മമ്പാട് എംഇഎസ് കോളേജിലെ പരിശീലകരോടുമാണെന്ന് പറയുന്നു.

“ഞാൻ ഇതുവരെ ഒരു ജില്ലാ ടീമിന്റെയും ഭാഗമായിട്ടില്ല. എന്നാൽ എംഇഎസിലെ എന്റെ പരിശീലകരായ റഫീഖ് സാറും മുരുകൻ സാറും ജോർജ്ജ് സാറും കാരണമാണ് എനിക്ക് ഐ-ലീഗ് രണ്ടാം ഡിവിഷനും കേരള പ്രീമിയർ ലീഗും ഇപ്പോൾ സന്തോഷ് ട്രോഫിയും കളിക്കാൻ അവസരം ലഭിച്ചത്, ”അദ്ദേഹം പറഞ്ഞു.

ജെസിൻ ഫുട്‍ബോളിലേക്ക് വരുന്നതിന് മുത്തശ്ശിയും പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് നിസാർ പറയുന്നു.

“ജേസിൻ കുട്ടിയായിരുന്നപ്പോൾ, ഓട്ടോ ഡ്രൈവറായി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് കാര്യങ്ങൾ നീക്കാൻ ബുദ്ധിമുട്ടായതിനാൽ ഞാൻ കുറച്ച് വർഷം ഗൾഫിൽ പോയി ജോലി ചെയ്തിരുന്നു. അക്കാലത്ത് നിലമ്പൂരിലെ ഒരു ഫുട്ബോൾ അക്കാദമിയിലേക്ക് അവനെ കൊണ്ടുപോകുന്നത് എന്റെ ഉമ്മയാണ് (ആമിന). എന്നെപ്പോലെ അവൻ ഒരു ഫുട്ബോൾ കളിക്കാരനാകണമെന്ന് അവരും ആഗ്രഹിച്ചു. നിർഭാഗ്യവശാൽ, അവൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഉമ്മ മരിച്ചു. ഇന്ന് അവരായിരിക്കും ഏറ്റവും സന്തോഷിക്കുന്നത്” നിസാർ പറഞ്ഞു.

കുടുംബത്തിലെ മുതിർന്നവരൊക്കെ ജെസിൻ ഫുട്ബോൾ ബൂട്ട് വാങ്ങാനും മറ്റും സഹായിച്ചിട്ടുണ്ട്.

സ്വന്തം നാട്ടുകാരുടെ മുന്നിൽ ആറാടിയ മലപ്പുറത്തു നിന്നുള്ള ഒരേയൊരു താരമല്ല ജെസിൻ. കർണാടകയ്‌ക്കെതിരെ കേരളത്തിനായി മറ്റു രണ്ട് ഗോളുകൾ നേടിയവരും ജില്ലയിൽ നിന്നുള്ളവരാണ്: കേരള യുണൈറ്റഡിനായി കളിക്കുന്ന മിഡ്ഫീൽഡർ അർജുൻ ജയരാജ്, ബെംഗളൂരു എഫ്‌സിയുടെ (റിസർവ്സ്) എൻ എസ് ഷിഗിൽ എന്നിവരാണത്. ഡിഫൻഡർമാരായ മുഹമ്മദ് സഹീഫ്, മിഡ്ഫീൽഡർമാരായ സൽമാൻ കെ, ഫസലു റഹ്മാൻ എന്നിവരും മലപ്പുറത്തുക്കാരാണ്. ആകെ ആറ് പേരാണ് ജില്ലയിൽ നിന്ന് കേരള ടീമിൽ കളിക്കുന്നത്.

ഇന്ന് നടക്കുന്ന മത്സരത്തിൽ ബംഗാളിനെ തോൽപ്പിച്ച് കേരളം ഏഴാം കിരീടം നേടുകയാണെങ്കിൽ അത് മലപ്പുറത്തുക്കാർ എന്നെന്നും ഓർക്കുന്ന പ്രത്യേക നിമിഷമായിരിക്കും. തിങ്കളാഴ്ച മത്സരം കാണാൻ കുറഞ്ഞത് 25,000 പേർ സ്റ്റേഡിയത്തിൽ എത്തുമെന്നാണ് പ്രതീക്ഷ.

“ഇവിടെയുള്ളവർ ഫുട്‌ബോളിനോട് വളരെയധികം അഭിനിവേശമുള്ളവരാണ്, അവർ ഞങ്ങൾക്ക് ഒപ്പം തന്നെയുണ്ട്. അവരുടെ പിന്തുണ കളിക്കാരെന്ന നിലയിൽ ഞങ്ങൾക്ക് വലിയ പ്രചോദനമാണ്, അത് ഞങ്ങളുടെ ഊർജ്ജം വർദ്ധിപ്പിക്കുന്നു, ”ജെസിൻ പറഞ്ഞു.

“ഗ്രൂപ്പ് ഘട്ടത്തിൽ ഞങ്ങൾ ഇതിനകം ബംഗാളിനെ തോൽപിച്ചിട്ടുണ്ട് (2-0). അവർ എങ്ങനെ കളിക്കുന്നുവെന്ന് ഞങ്ങൾക്കറിയാം, ഞങ്ങളുടെ കഴിവിനനുസരിച്ച് ഞങ്ങൾ കളിക്കുകയാണെങ്കിൽ, ഫൈനലിലും വിജയിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങൾ തീർച്ചയായും എല്ലാം നൽകും. എനിക്ക് ഒരിക്കൽ കൂടി സൂപ്പർ-സബ് ആകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.” ജെസിൻ കൂട്ടിച്ചേർത്തു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Auto drivers dream turns real his son is keralas new football sensation