ലണ്ടന്‍: ഇംഗ്ലണ്ടിനും സോമര്‍സെറ്റിലെ മഴയ്ക്കും എല്ലിസ് പെരിയെ തടായാനായില്ല. വനിതാ ആഷസിന്റെ രണ്ടാം ദിനം സെഞ്ചുറിയടിച്ച് തന്റേതാക്കി മാറ്റിയിരിക്കുകയാണ് ഓസീസ് താരം. 84 റണ്‍സുമായി ഇന്ന് ബാറ്റിങ് ആരംഭിച്ച എല്ലിസ് മിസ് ഫീല്‍ഡിങ്ങില്‍ നിന്നും ലഭിച്ച സിംഗിളിലൂടെയാണ് മൂന്നക്കം കടന്നത്.

ഇതോടെ ആഷസ് ടെസ്റ്റില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണ് എല്ലിസ് നേടിയത്. 615 ദിവസങ്ങള്‍ മുമ്പായിരുന്നു എല്ലിസ് ആദ്യ സെഞ്ചുറി നേടുന്നത്. 2017 നവംബറില്‍ സിഡ്‌നിയില്‍ നടന്ന ഡേ-നൈറ്റ് ടെസ്റ്റിലായിരുന്നു ആദ്യ സെഞ്ചുറി. അന്ന് പുറത്താകെയായിരുന്നു എല്ലിസ് കളം വിട്ടത്. ഇതോടെ ഇന്ന് സെഞ്ചുറി നേടി ബാറ്റുയര്‍ത്തുമ്പോള്‍ എല്ലിസിന്റെ അക്കൗണ്ടില്‍ 620 പന്തുകള്‍ നേരിട്ട് പുറത്താകാതെ 313 റണ്‍സുകളുണ്ടായിരുന്നു. സിഡ്‌നിയില്‍ 213 റണ്‍സാണ് താരം നേടിയത്.

ഒരേയൊരു ആഷസ് ടെസ്റ്റിന്റെ രണ്ടാം ദിവസം ഇംഗ്ലണ്ട് ബോളര്‍മാരില്‍ നിന്നും ശക്തമായ ആക്രമണമുണ്ടായിരുന്നുവെങ്കിലും എല്ലിസ് അവയെ എല്ലാം അതിജീവിച്ചു. സെഞ്ചുറിയിലേക്ക് എത്താന്‍ ഇന്ന് 54 മിനുറ്റും 41 പന്തുമാണ് എല്ലിസ് എടുത്തത്. ഒന്നാം ദിനം ഓസ്‌ട്രേലിയ 91-2 എന്ന നിലയില്‍ നില്‍ക്കെയാണ് എല്ലിസ് ക്രീസിലെത്തിയത്. അര്‍ധ സെഞ്ചുറി നേടിയ അലിസ ഹീലി പുറത്തായതിന് പിന്നാലെയാണ് എല്ലിസ് എത്തിയത്.

പിന്നാലെ നായിക മഗ് ലാന്നിങ്ങുമൊത്ത് 69 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നീട് വന്ന റെയ്ച്ചല്‍ ഹെയ്‌നസുമൊത്ത് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് എല്ലിസ് ഓസ്‌ട്രേലിയയെ ശക്തമായ നിലയിലെത്തിച്ചത്. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഓസീസ് 265-3 എന്ന നിലയിലായിരുന്നു.

എല്ലിസിന്റെ മൂന്നാം സെഞ്ചുറിയാണ് ഇന്ന് പിറന്നത്. ഈ വര്‍ഷം ന്യൂസിലന്‍ഡിനെതിരെയായിരുന്നു ആദ്യ ഏകദിന സെഞ്ചുറി. 116 റണ്‍സെടുത്ത എല്ലിസിനെ ലോറ മാര്‍ഷാണ് പുറത്താക്കുന്നത്. 281 പന്തുകള്‍ നേരിട്ടാണ് എല്ലിസ് ഇത്രയും റണ്‍സ് നേടിയത്. പുറത്താകുമ്പോള്‍ രണ്ട് ഇന്നിങ്‌സുകളില്‍ നിന്നും 329 റണ്‍സ് എല്ലിസ് നേടിയിരുന്നു. മൂന്ന് വര്‍ഷവും 11 മാസവും ആറ് ദിവസവും 655 പന്തുകള്‍ക്കും ശേഷമാണ് എല്ലിസ് ടെസ്റ്റില്‍ പുറത്താകുന്നത്.

എല്ലിസിന് മികച്ച പിന്തുണ നല്‍കിയ റെയ്ച്ചല്‍ 246 പന്തുകളില്‍ നിന്നും 87 റണ്‍സെടുത്താണ് പുറത്തായത്. നേരത്തെ നായിക മഗ് ലാന്നിങ് 57 റണ്‍സും ഓപ്പണര്‍ അലിസ 58 റണ്‍സും നേടിയിരുന്നു.

ആഷസ് പരമ്പരയിലെ ഏക ടെസ്റ്റാണ് നടക്കുന്നത്. ഏകദിന പരമ്പരയില്‍ തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ടിന് ടെസ്റ്റ് ജയിച്ച് ഒപ്പത്തിനെത്താനുള്ള അവസരമാണിത്. അതേസമയം, സ്‌കോര്‍ 341-5 എന്ന നിലയിലെത്തി നില്‍ക്കെ മഴ കളി മുടക്കാനെത്തിയിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook