സിഡ്നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സിരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലും ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഫൈനലില്‍. ചൈനയുടെ ഷി യുഖിയെയാണ് ശ്രീകാന്ത് തോല്‍പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ശ്രീകാന്തിന്റെ വിജയം. സ്‌കോര്‍: 21-10, 21-14.

ശ്രീകാന്തിന്റെ തുടർച്ചയായ മൂന്നാം സൂപ്പർ സീരീസ് ഫൈനലാണിത്. സിംഗപ്പൂർ ഓപ്പണിൽ രണ്ടാം സ്ഥാനത്തെത്തിയ ശ്രീകാന്ത്‍, ഇന്തൊനീഷ്യൻ ഓപ്പണിൽ കിരീടം ചൂടിയിരുന്നു. നിലവിൽ ലോക 11-ാം നമ്പർ താരമാണു ശ്രീകാന്ത്.

37 മിനുറ്റുകൊണ്ടാണ് ശ്രീകാന്ത് നാലാം സീഡായ ഷിയുഖിനെ തറപറ്റിച്ചത്. വ്യക്തമായ മേധാവിത്വമായിരുന്നു കളിയിലുടനീളം. മികച്ച സ്മാഷുകളും ബാക്ക്ഹാന്‍ഡ് ഷോട്ടുകളുമായി എതിരാളിയെ ശ്രീകാന്ത് നിലംപരിശാക്കി. ആദ്യ സെറ്റില്‍ 5-5 എന്ന നിലയിലായിരുന്നു ഇരുവരും. പിന്നീടങ്ങോട്ട് ശ്രീകാന്തിന്റെ കുതിപ്പായിരുന്നു. 15 മിനുറ്റിനുളളില്‍ 21-10ന് ആദ്യ സെറ്റ് ശ്രീകാന്ത് നേടി. എന്നാല്‍ രണ്ടാം സെറ്റില്‍ എതിരാളി അല്‍പം പൊരുതിയെങ്കിലും 21-14ന് ശ്രീകാന്ത് സെറ്റും ഗെയിമും പിടിച്ചു. ഇത് രണ്ടാം തവണയാണ് ഷിയുഖിനെ ശ്രീകാന്ത് തോല്‍പിക്കുന്നത്.

Read More:ബാഡ്‌മിന്റണിൽ പറന്നുയർന്ന്  ഇന്ത്യൻ  യുവതാരങ്ങൾ

ചെൻ ലോങ്-ലീ ഹ്യൂൻ ഇൽ എന്നിവർ തമ്മിലുള്ള രണ്ടാം സെമിയിലെ വിജയിയെയാണ് ശ്രീകാന്ത് ഫൈനലിൽ നേരിടുക. ഇന്ത്യയുടെ തന്നെ സായ് പ്രണീതിനെ തോൽപ്പിച്ചാണ് ശ്രീകാന്ത് സെമിലേക്ക് മുന്നേറിയത്. വനിതാ വിഭാഗത്തിൽ പിവി സിന്ധു, സൈന നെഹ്‌വാൾ എന്നിവരുടെ കുതിപ്പ് ക്വാർട്ടറിൽ തീർന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ